Friday, February 12, 2010

പാട്ടിന്റെ പുത്തന്‍ പൂക്കാലം കഴിഞ്ഞു...



പാട്ടിന്റെ പുത്തന്‍ പൂക്കാലമായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി. രണ്ടു പതിറ്റാണ്ടിലേറെക്കാലം മലയാളസിനിമയില്‍ ഭാവസൗരഭ്യം പരത്തിയ ആ പൂക്കാലത്തിന്‌ ആകസ്‌മികമായ അന്ത്യമായി. നീലഭസ്‌മക്കുറിയണിഞ്ഞ ആ നിലാവൊളി മാഞ്ഞു. കിനാവിന്റെ പടികടന്നെത്തിയ ആ പദനിസ്വനം ഇനി കേള്‍ക്കില്ല മലയാളി.
എണ്‍പതുകളുടെ രണ്ടാംപാതിയിലാണ്‌ ഗിരീഷ്‌ പുത്തഞ്ചേരി മലയാളസിനിമാലോകത്തേക്കു കടന്നെത്തുന്നത്‌. എഴുത്തച്ഛന്‍ മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടുവരെയുള്ള കവികളെ നന്നായി വായിച്ചതിന്റെ വാസനാബലത്തിലാണ്‌ പുത്തഞ്ചേരി നാടകങ്ങള്‍ക്കും പാട്ടെഴുതിയും കവിതയെഴുതിയും വാക്കിന്റെ ലോകത്തേക്കുവരുന്നത്‌. മനോഹരമായ ഡിക്ഷന്‍ കൈമുതലായുണ്ടായിരുന്നെങ്കിലും സിനിമാപ്രവേശം സുസാദ്ധ്യമായിരുന്നില്ല. സിനിമ എന്ന മായികലോകം അതിന്റെ എല്ലാ ഭാവവുംകാട്ടി പുത്തഞ്ചേരിയെ വിളിച്ചുകൊണ്ടിരുന്നു. തന്നെ മദിരാശിയിലേക്കു യാത്രയാക്കാന്‍ വരികയും എല്ലാ സഹായങ്ങളും ചെയ്യുകയും ചെയ്‌ത ഗിരീഷ്‌ എന്ന ചെറുപ്പക്കാരനെക്കുറിച്ച്‌, തന്റെ ഓര്‍മക്കുറിപ്പുകളില്‍ മുന്‍കാല തിരക്കഥാകൃത്ത്‌ ശാരംഗപാണി ഓര്‍മിക്കുന്നുണ്ട്‌. തന്നെ സിനിമാഗാനരചയിതാവാകാന്‍ സഹായിക്കണമെന്നതായിരുന്നു ഗിരീഷിന്റെ അഭ്യര്‍ത്ഥന. തനിക്ക്‌ അക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്വപ്രതിഭ ഗിരീഷിനെ എത്രയോ ഉയരത്തിലെത്തിച്ചതായും ശാരംഗപാണി എഴുതുന്നു.
ശരിക്കും കഷ്‌ടപ്പെട്ടിട്ടുണ്ട്‌ പുത്തഞ്ചേരി, ഒരു തുടക്കത്തിനായി. എന്‍ക്വയറി എന്ന ചിത്രമാണ്‌ ആദ്യമായി ഗിരീഷിന്റെ ഗാനത്തിന്റെ സുന്ദരഭാവങ്ങള്‍ എടുത്തണിഞ്ഞത്‌. ചിത്രം ശ്രദ്ധിക്കപ്പെടാതെ വന്നതോടെ പാട്ടെഴുത്തുകാരനും ഗുണംകിട്ടാതെ പോയി. തുടര്‍ന്ന്‌, പാട്ടെഴുതാനുള്ള മോഹത്തില്‍ ഒരു തിരക്കഥാരചന വരെ ഭരമേല്‌ക്കുകയുണ്ടായി പുത്തഞ്ചേരി. രണ്ടാമത്തെ ചിത്രം അങ്ങനെ പുറത്തുവന്നു. ബ്രഹ്മരക്ഷസ്സ്‌. അക്കാലത്ത്‌ പൈങ്കിളിവാരികകളില്‍ മാന്ത്രികനോവലുകള്‍ വിളയുന്ന കാലമായിരുന്നു. അങ്ങനെയുണ്ടായ നോവലാണ്‌ കോട്ടയം പുഷ്‌പനാഥിന്റെ ബ്രഹ്മരക്ഷസ്സ്‌. മൈല്‍ഡ്‌ പോര്‍ണോ ചിത്രങ്ങളുടെ വസന്തവുമായിരുന്നു അക്കാലത്ത്‌ മലയാളസിനിമയില്‍. ആദ്യപാപവും ലയനവും തുടങ്ങിവച്ച ട്രെന്‍ഡ്‌. ആ ട്രെന്‍ഡില്‍ വന്നൊരു സിനിമയായിരുന്നു അത്‌. ബ്രഹ്മരക്ഷസ്സിനു പാട്ടും തിരക്കഥയും എഴുതി പുത്തഞ്ചേരി. സത്യത്തില്‍ പാട്ടെഴുതാനുള്ള ഒരു അതിസാഹസം. വിജയന്‍ കരോട്ടായിരുന്നു സംവിധായകന്‍. ആ ചിത്രവും ശ്രദ്ധ നേടാതെ വന്നതോടെ പാട്ടെഴുത്തില്‍ തിരക്കിലാകാനുള്ള മോഹം ഒന്നു തളര്‍ന്നു. ഹരിദാസിന്റെ ജോര്‍ജൂട്ടി കെയറോഫ്‌ ജോര്‍ജൂട്ടിയില്‍ തിരക്കഥയെഴുതാനാണ്‌ ഗിരീഷിനെ ആദ്യം നോക്കിയതെങ്കിലും തനിക്കതു പറ്റുന്നില്ലെന്നു പറഞ്ഞൊഴിഞ്ഞ ഗിരീഷ്‌ പുത്തഞ്ചേരിക്ക്‌ ആ പടത്തിലെ പാട്ടെഴുത്‌ കിട്ടി. ഒപ്പം ജീവിതം മാറ്റിമറിച്ചൊരു സുഹൃത്തിനെയും. അതു മറ്റാരുമല്ല, ആ ചിത്രത്തിന്റെ രചന നിര്‍വഹിച്ച രഞ്‌ജിത്‌.
ആ ചിത്രത്തില്‍ രണ്ടു പാട്ടുകള്‍. രണ്ടും പുതിയൊരു ഭാവുകത്വത്തിന്റെ വരവറിയിച്ചു. തന്റെ സിനിമാകാത്തിരിപ്പുകഥകൂടി അറിയാതെ സൂചിപ്പിക്കുന്നുണ്ട്‌ അതിലെ ഹിറ്റുഗാനത്തിന്റെ വരികളില്‍ പുത്തഞ്ചേരി. ഒരു പൊന്‍കിനാവിലേതോ കിളിപാടും കളഗാനം... നറുവെണ്ണിലാവിലീറന്‍മിഴിചാര്‍ത്തും ലയഭാവം... ചിരകാലമെന്റെയുള്ളില്‍ വിരിയാതിരുന്ന പൂവേ... നിന്‍പരിഭവംപോലുമെന്നില്‍.... സ്വയം വരും കവിതയായ്‌... ഇതായിരുന്നു ആ വരികള്‍. ജോണ്‍സണായിരിന്നു സംഗീതം. ചിത്രം വിജയിച്ചു. തിരക്കഥാകാരന്‍ രഞ്‌ജിത്തിനും നടന്‍ ജയറാമിനും ആ വിജയം ഗുണമേകിയെങ്കിലും ഗാനരചയിതാവിന്‌ അത്‌ വലിയ അവസരങ്ങളുടെ വാതില്‍ തുറന്നില്ല. താന്‍ തിരക്കഥയെഴുതുന്ന ചിത്രങ്ങളില്‍ രഞ്‌ജിത്‌ പുതിയ ഗാനരചയിതാവിനെ ശുപാര്‍ശ ചെയ്യാന്‍ മറന്നില്ല. പക്ഷേ, പലരും അതു വിശ്വാസത്തിലെടുത്തില്ല. ഒടുവില്‍ സംവിധായകന്‍ ജയരാജാണ്‌ രഞ്‌ജിത്തിനെ വാക്കുകേട്ടത്‌. അങ്ങനെ പുത്തഞ്ചേരിയുടെ ആദ്യത്തെ സൂപ്പര്‍താരസംഗമം. മമ്മൂട്ടിയുടെ ജോണിവാക്കറില്‍. ആ ചിത്രത്തിലെ ശാന്തമീരാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ... എന്നപാട്ട്‌ സൂപ്പര്‍ഹിറ്റായി. എസ്‌.പി.വെങ്കിടേഷായിരുന്ന സംഗീതം. പില്‍ക്കാലത്ത്‌ വന്‍സംഭവമായിമാറിയ പ്രഭുദേവയായിരുന്നു ആ പാട്ടിന്‌ കോറിയോഗ്രഫി നിര്‍വഹിച്ചത്‌. പുതിയ ഗാനരചയിതാവ്‌ ശ്രദ്ധേയനായി. പിന്നെ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടിവന്നില്ല ഗിരീഷ്‌ പുത്തഞ്ചേരി എന്ന ഗാനരചയിതാവിന്‌. രഞ്‌ജിത്ത്‌ തിരക്കഥയെഴുതിയ, സംവിധാനം ചെയ്‌ത ചിത്രങ്ങളില്‍ ഗിരീഷിന്റെ ഏറ്റവും നല്ല ഗാനങ്ങള്‍ പിറന്നു എന്നതും യാദൃച്ഛികം. ദേവാസുരത്തിലെ സൂര്യകിരീടം, ആറാം തമ്പുരാനിലെയും നരസിംഹത്തിലെയും നന്ദനത്തിലെയും മറ്റും പാട്ടുകള്‍ സമ്മര്‍ ഇന്‍ ബേദ്‌ലഹേമിലെയും കൃഷ്‌ണഗുഡിയിലെയും പാട്ടുകള്‍...
മലയാളി മറക്കാതെപാടുന്ന അനേകം ഗാനങ്ങള്‍ പുത്തഞ്ചേരിയില്‍നിന്നു വന്നു.
എളുപ്പവഴിയിലൂടെയല്ല ഗിരീഷ്‌ പുത്തഞ്ചേരി ഈ രംഗത്തു നിലയുറപ്പിച്ചത്‌. എണ്‍പതുകളുടെ അവസാനത്തില്‍ പുത്തഞ്ചേരി കടന്നുവരുമ്പോള്‍ ഗാനരചനാരംഗം വളരെ സജീവമായ ചില സാന്നിദ്ധ്യങ്ങളാല്‍ സമ്പന്നമായിരുന്നു. കിലുകില്‍പമ്പരവും മറ്റുമെഴുതി ബിച്ചുതിരുമല സൂപ്പര്‍സ്റ്റാറായി നില്‍ക്കുന്നു. പുതിയൊരു കാവ്യപാരമ്പര്യത്തിന്റെ കണ്ണിയുമായെത്തിയ കൈതപ്രം ജോണ്‍സണുമായി ഹിറ്റുജോഡി സൃഷ്‌ടിച്ചുവിലസുന്നു. ഒ.എന്‍.വി. പത്മപ്രഭചൊരിയുന്ന കാവ്യതേജസുമായി ഉയര്‍ന്നുനില്‌ക്കുന്നു. തുടര്‍ച്ചയായി പുരസ്‌കാരങ്ങള്‍ നേടുന്നു. മെയ്‌മാസപ്പുലരിയും മറ്റുമെഴുതി പി.ഭാസ്‌കരനും തൂവാനത്തുമ്പികളും മൂന്നാംപക്കവുമെഴുതി ശ്രീകുമാരന്‍ തമ്പിയും പഴയ തലമുറ തളര്‍ന്നിട്ടില്ലെന്നു തെളിയിച്ചുനില്‌ക്കുന്നു. ഇതിനിടെ പാവക്കൂത്തുപോലുള്ള മനോഹരഗാനങ്ങളുമായ കെ.ജയകുമാര്‍, നീലഗിരിയിലെയും സസ്‌നേഹത്തിലെയും സുന്ദരവരികളുമായി പി.കെ.ഗോപി, എം.ഡി.രാജേന്ദ്രന്‍ തുടങ്ങിയ പുതുതലമുറ ഒരു വിജയപാതയ്‌ക്കായി ശ്രമിക്കുന്നു. ദശരഥത്തിലെ പാട്ടുമായി പൂവച്ചല്‍ ഖാദറും തിളങ്ങിനില്‌ക്കുന്നു. എന്റെ പൊന്നുതമ്പുരാനിലെ സുഭഗേയും മാഘമാസവുമായി തുടക്കം കുറിച്ച വയലാറിന്റെ പൊന്നോമനപ്പുത്രന്‍ ശരത്‌ചന്ദ്രവര്‍മയും ഒരു തുടര്‍ച്ച സ്വപ്‌നംകാണുന്നു. ധ്വനിയിലെ മുഴങ്ങുന്ന പാട്ടുകളുമായ യൂസഫലി കേച്ചേരിയും സാന്നിദ്ധ്യമറിയിച്ചുനില്‌ക്കുന്നു. ഇത്രയും വലിയ ട്രാഫിക്കിലൂടെയാണ്‌ സത്യത്തില്‍ എഴുത്തിലെ തെളിമകൊണ്ടുമാത്രം ഗിരീഷ്‌ പുത്തഞ്ചേരി പിടിച്ചുകയറിയത്‌. പുതിയ ഭാഷയും പുതിയ ശൈലിയും പുതിയ ഭാവുകത്വവും തന്നെയായിരുന്നു പുത്തഞ്ചേരിയുടെ ഗാനങ്ങളെ നവാനുഭവമാക്കിമാറ്റിയത്‌.
തുടക്കംതൊട്ടുതന്നെ വിമര്‍ശങ്ങളും പുത്തഞ്ചേരിയുടെ പാതയില്‍ വിഘാതം സൃഷ്‌ടിച്ചിരുന്നു. ആദ്യത്തെ ഹിറ്റുഗാനമായ ശാന്തമീരാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ എന്ന പാട്ടിനെ വാദ്യഘോഷങ്ങളേ കൊണ്ടുവരാനാകൂ, ആദികള്‍ കൊണ്ടുവരാനാവില്ലെന്നുപറഞ്ഞാണ്‌ വിമര്‍ശകര്‍ എതിരേറ്റത്‌. ബ്രേക്ക്‌ത്രൂ ആയ സൂര്യകിരീടം വീണുടഞ്ഞുവിലെ ഇനിയൊരു ജന്മം വീണ്ടും തരുമോ എന്നതും ശൈലീഭംഗമെന്ന വിമര്‍ശത്തിനിരയായി. ഇനിയും, വീണ്ടും എന്ന ആവര്‍ത്തനമാണ്‌ വിമര്‍ശകരെ ചൊടിപ്പിച്ചത്‌. ചന്ദ്രലേഖയിലെ ഒന്നാംവട്ടംകണ്ടപ്പോഴത്തെ കിണ്ണാണ്ടവും മിന്നാരത്തിലെ പുന്നാരംകിന്നാരം ചിരിച്ചുകൊഞ്ചുന്ന പോലുള്ള പാട്ടുകളും വിമര്‍ശിക്കപ്പെട്ടു. പക്ഷേ, ഇതെല്ലാം സിനിമയുടെ രസതന്ത്രത്തില്‍ പെടുന്നതാണെന്നു വ്യക്തമായറിയാവുന്ന പുത്തഞ്ചേരി വിമര്‍ശങ്ങളെ മികച്ച രചനകള്‍ കൊണ്ടാണു കീഴടക്കിയത്‌. വരമഞ്ഞളാടിയ രാവിന്റെ മാറിലും (പ്രണയവര്‍ണ്ണങ്ങള്‍) പിന്നെയും പിന്നെയും ആരോ കിനാവിന്റെയും (കൃഷ്‌ണഗുഡി) നിലാവിന്റെ നീലഭസ്‌മക്കുറിയും (അഗ്നിദേവന്‍) മച്ചകത്തമ്മയും (ചിന്താവിഷ്‌ടയായ ശ്യാമള) പാടീ, തൊടിയിലേതോയും (ആറാംതമ്പുരാന്‍) തങ്കത്തിളക്കമുള്ള രചനകളായി.
ഏതുതരം പാട്ടിനും വഴങ്ങുന്ന വരികളും വാക്കുകളും മനസ്സില്‍ക്കൊണ്ടുനടന്ന, ശബ്‌ദതാരാവലിയായിരുന്നു പുത്തഞ്ചേരിയുടെ മനസ്സ്‌. ഹരിമുരളീരവം പോലെയൊരു പാട്ടെഴുതാന്‍ അഞ്ചുനിമിഷമേ വേണ്ടിവന്നുള്ളൂ എന്നത്‌ വിസ്‌മയകരമായ ആ സത്യത്തിന്‌ അടിവരയിടുന്നു. ഭാരതീയവും കേരളീയവുമായ കാവ്യപാരമ്പര്യത്തിന്റെ നേരവകാശിയായ ഗാനരചയിതാവുതന്നെയായിരുന്നു അദ്ദേഹം. കേരളീയമായ പ്രതീകങ്ങളും ബിംബങ്ങളും നിറഞ്ഞ ശുദ്ധവും ലളിതവുമായ ആ ശൈലി അനന്യമാണെന്ന്‌ ഈ പുഴയുംകടന്നിലെ നാഴിയില്‍ മുളനാഴിയില്‍ ഗ്രാമം നന്മമാത്രം അളക്കുന്നു പോലെയുള്ള വരികള്‍ തെളിവാണ്‌.
പുത്തഞ്ചേരിയെക്കുറിച്ചുള്ള ഈ കുറിപ്പ്‌ ചില കൗതുകങ്ങളും കൂടി പങ്കുവയ്‌ക്കാതെ അവസാനിപ്പിക്കാനാവില്ല. തിരക്കഥാകൃത്തുകൂടിയായ അപൂര്‍വം ഗാനരചയിതാക്കളിലൊരാളാണ്‌ ഗിരീഷ്‌ പുത്തഞ്ചേരി. അദ്ദേഹം തുടക്കകാലത്ത്‌ ബ്രഹ്മരക്ഷസ്സിനു തിരക്കഥയെഴുതി. പിന്നെ, വര്‍ഷങ്ങള്‍ക്കുശേഷം മേലേപ്പറമ്പില്‍ ആണ്‍വീടിനു കഥയെഴുതി. കിന്നരിപ്പുഴയോരത്തിന്‌ പ്രിയദര്‍ശന്റെ കഥയ്‌ക്കു തിരക്കഥയും സംഭാഷണവും രചിച്ചു. മമ്മൂട്ടി നായകനായ പല്ലാവൂര്‍ ദേവനാരായണനും മോഹന്‍ലാല്‍ നായകനായ വടക്കുന്നാഥനും കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി. ഒരു ചിത്രം രചന നിര്‍വഹിച്ച്‌ സംവിധാനം ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നു. വടക്കുന്നാഥന്റെ തിരക്കഥ പുസ്‌തകമായിട്ടുണ്ട്‌.
എ.ആര്‍.റഹ്‌മാന്റെ ഈണത്തില്‍ മണിരത്‌നം ദില്‍സേ എന്ന ചിത്രത്തില്‍ ദിയാജലേ എന്ന പാട്ടൊരുക്കിയപ്പോള്‍ അതില്‍ അല്‌പം മലയാളം വരികളുള്ളത്‌ എഴുതാന്‍ ഗിരീഷ്‌ പുത്തഞ്ചേരിയെയാണു വിളിച്ചത്‌. അതിലെ കുക്കുരുകുരുകുരു.... എന്ന വരികള്‍ ഗിരീഷിന്റേതാണ്‌. മറ്റു ഗാനരചയിതാക്കളെ പ്രത്സാഹിപ്പിക്കാന്‍ അദ്ദേഹം മടികാട്ടിയിട്ടില്ല. സര്‍ക്കാര്‍ ദാദയിലെ ഒരു ഈണംകേട്ടിട്ട്‌ ഇതെഴുതാന്‍ തന്നേക്കാള്‍ യോഗ്യന്‍ ബീയാര്‍ പ്രസാദാണെന്നു ശുപാര്‍ശ ചെയ്‌തു, പുത്തഞ്ചേരി. അങ്ങനെ ആ പാട്ട്‌ ബീയാര്‍ പ്രസാദാണ്‌ എഴുതിയത്‌. അതുപോലെ, മറ്റൊരു ഗാനരചയിതാവ്‌ പകര്‍ന്ന ഈണത്തില്‍ വാക്കുകള്‍ പകര്‍ന്ന ഭാഗ്യവും പുത്തഞ്ചേരിക്കുണ്ട്‌. കൈക്കുടന്നനിലാവിനുവേണ്ടി കൈതപ്രം ഈണവും പുത്തഞ്ചേരി രചനയും നിര്‍വഹിച്ചതാണ്‌ അങ്ങനൊരു അപൂര്‍വകൂട്ടുകെട്ടിനു വഴിതെളിച്ചത്‌.
മലയാളസിനിമയ്‌ക്ക്‌ ഇത്‌ ശോകകാലമാണ്‌. വിയോഗകാലം. മഹാപ്രതിഭകളുടെ വിയോഗം നികത്താനാവാത്ത വിടവ്‌ അക്ഷരാര്‍ത്ഥത്തില്‍ സൃഷ്‌ടിക്കുകയാണ്‌. വലംകൈയാല്‍ ഗംഗേയും ഹരിമുരളിരവവും ഇടങ്കയ്യാല്‍ ഒന്നാംവട്ടം കണ്ടപ്പോഴും ബുദ്ധിയാല്‍ അക്ഷരനക്ഷത്രം കോര്‍ത്ത ജപമാലയും ഹൃദയം കൊണ്ട്‌ പിന്നെയും പിന്നെയും ആരോ കിനാവിന്റെയും ഒക്കെ എഴുതാന്‍ കഴിവുള്ള മറ്റൊരു ഗിരീഷ്‌ പുത്തഞ്ചേരി ഇനിയുണ്ടാവില്ല. പാട്ടെഴുത്തില്‍ വിലാസലോലുപമായ ആ തൂലിക ഇനിയില്ല. ഒരേസമയം ധൂര്‍ത്തനും പിശുക്കനുമായിരുന്ന ആ വാഗ്‌സമര്‍ത്ഥന്‍ ഇനി ഒരുപാട്ടും കുറിക്കില്ല.

1 comment:

  1. ഈ ലേഖനം വായിക്കാന്‍ വൈകി, തിരിച്ചറ്രിയാതെ പോയ ഒരുപാട് കാര്യങ്ങള്‍ ഈ ലേഖനതിലുണ്ട് ,നന്ദി.

    ReplyDelete