Friday, February 12, 2010

മരണത്തിനു മായ്‌ക്കാനാകാത്ത മന്ദഹാസം



വര്‍ത്തമാനകാല മലയാളസിനിമയില്‍ സജീവമായിരുന്നവരില്‍ പ്രായംകൊണ്ടല്ലെങ്കിലും അനുഭവംകൊണ്ട്‌ ഏറ്റവും സീനിയറായിരുന്നു കൊച്ചിന്‍ ഹനീഫ. ഇന്നത്തെ മിക്കവാറും എല്ലാ പ്രശസ്‌തനടീനടന്മാരേക്കാളും സംവിധായകരേക്കാളും സാങ്കേതികപ്രവര്‍ത്തകരെക്കാളും നേരത്തേ സിനിമയില്‍ പ്രവേശിച്ചയാളാണു കൊച്ചിന്‍ ഹനീഫ. കെ.പി.എ.സി. ലളിതയെയും പറവൂര്‍ ഭരതനെയും ജഗതി ശ്രീകുമാറിനെയും ഐ.വി.ശശിയെയും പോലെ അപൂര്‍വം പേരേ ഹനീഫയോടൊപ്പമോ അതിലധികമോ ചലച്ചിത്രാനുഭവമുള്ളവരായി കാണുകയുള്ളൂ. ആ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒറ്റയാനായി ബാക്കിയുണ്ടായിരുന്ന, അഭിനയത്തിന്റെ ഒരു തലമുറയുടെ അവസാനകണ്ണിയാണു വിടപറഞ്ഞതെന്നുതന്നെ പറയേണ്ടിവരും.
എഴുപതുകളുടെ രണ്ടാംപാതിയില്‍, അതായത്‌, എണ്‍പതുകളുടെ തുടക്കത്തോടെ ഇന്നത്തെ മലയാള സിനിമാലോകം പിറവിയെടുക്കുന്നതിനു മുന്‍പുതന്നെ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്കു കൊച്ചിന്‍ ഹനീഫ കടന്നുവന്നു. എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യവും മലയാളസിനിമ നടനരംഗത്തും സാങ്കേതികരംഗത്തും മാറ്റങ്ങള്‍ക്കു വശംവദമാകുന്ന വേളയില്‍ രണ്ടു രംഗത്തും സാന്നിദ്ധ്യമായിരുന്നു, ഹനീഫ.

ജോഷിയുമായുണ്ടായ മനപ്പൊരുത്തമാണ്‌ ഹനീഫ എന്ന നടനെയും എഴുത്തുകാരനെയും സംവിധായകനെയും വളര്‍ത്തിയതെന്നു പറയാം. ഇതിഹാസം മുതല്‍ സന്ദര്‍ഭം വരെയുള്ള സിനിമകള്‍ക്ക്‌ രചനാ-സംവിധാനപങ്കാളിത്തമായ ഈ കൂട്ടുകെട്ട്‌ അന്നത്തെ ശക്തമായ ടീമായിരുന്നു. ജയന്‍ നായകനായ മൂര്‍ഖനില്‍ മുഴുനീളവും തത്തുല്യവുമായ വേഷമഭിനയിക്കാന്‍ ജോഷി കൊച്ചിന്‍ ഹനീഫയ്‌ക്കു നല്‌കിയ അവസരമാണ്‌ നടനെന്ന നിലയില്‍ അദ്ദേഹത്തെ വളര്‍ത്തിയത്‌. തുടര്‍ന്ന്‌ വില്ലന്‍വേഷങ്ങളാണ്‌ കൊച്ചിന്‍ ഹനീഫ കൂടുതലും കൈകാര്യം ചെയ്‌തിരുന്നത്‌. താന്‍തന്നെ സംവിധാനം ചെയ്‌ത മൂന്നുമാസങ്ങള്‍ക്കുമുന്‍പിലെ വില്ലന്‍വേഷം അക്കൂട്ടത്തില്‍ മികച്ചുനില്‍ക്കുന്നു. സ്‌ത്രീപ്രേക്ഷകര്‍ക്ക്‌ വെറുപ്പുതോന്നുന്ന, അതിക്രൂരനായ വില്ലനായാണ്‌ അക്കാലത്ത്‌ അദ്ദേഹം അഭിനയിച്ചിരുന്നത്‌.
കുടുംബസിനിമകള്‍ക്കാണ്‌ അദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ചത്‌. എണ്‍പതുകളുടെ അവസാനം ലോഹിതദാസിന്റെ രചനയില്‍ വാത്സല്യം എന്ന ചിത്രം ചെയ്‌തതോടെ അദ്ദേഹം സംവിധാനവും അവസാനിപ്പിച്ചു. അതിനു മുന്‍പുതന്നെ തമിഴിലും തൊഴില്‍ അഭിനയം മാത്രമാക്കിയിരുന്നു. മലയാളത്തില്‍ താന്‍ ചെയ്‌ത ചിത്രങ്ങള്‍ തന്നെയാണ്‌ പാടാത തേനികളായും പാശപറവൈകളായും മറ്റും അദ്ദേഹം തമിഴില്‍ ചെയ്‌തത്‌. അവയ്‌ക്ക്‌ തിരക്കഥ രചിച്ചത്‌ ശക്തനായ കരുണാനിധിയായിരുന്നു.
അഭിനയകാര്യത്തില്‍ അദ്ദേഹത്തിന്‌ ശക്തമായ പിന്തുണ നല്‌കിയിരുന്നത്‌ രണ്ടു സംവിധായകരാണ്‌. പ്രിയദര്‍ശനും ജോഷിയും. ജോഷി അദ്ദേഹത്തിലെ വില്ലനിസത്തെ ഉപയോഗപ്പെടുത്തിയപ്പോള്‍ പ്രിയന്‍ ക്യാരക്‌ടര്‍ വേഷങ്ങള്‍ ചെയ്യാനുള്ള പ്രാഗത്ഭ്യത്തെയാണ്‌ ഉപയോഗപ്പെടുത്തിയത്‌. രാക്കുയിലിന്‍ രാഗസദസ്സില്‍ പോലെയുള്ള ചിത്രങ്ങളില്‍ പ്രിയന്‍ ക്യാരക്‌ടര്‍ വേഷം നല്‌കി.
അദ്ദേഹത്തിന്റെ അഭിനയജീവിതത്തില്‍ മാറ്റം വരുത്തിയ ലോഹിതദാസ്‌ - സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ഹൈദ്രോസ്‌ എന്ന കഥാപാത്രമാണ്‌. കിരീടത്തിലല്ല, ചെങ്കോലില്‍ ആ ഹൈദ്രോസ്‌ നടത്തിയ പ്രകടനമാണ്‌ ഹനീഫയിലെ ഹാസ്യനടനെ രംഗത്തവതരിപ്പിച്ചത്‌. തുടര്‍ന്ന്‌ മാന്നാര്‍ മത്തായി സ്‌പീക്കിംഗിലെ എല്‍ദോസ്‌ എന്ന കഥാപാത്രവും വന്നു. തുടര്‍ന്ന്‌ കൊച്ചിന്‍ ഹനീഫ അല്‌പം ടൈപ്പു ചെയ്യപ്പെടുകയുണ്ടായി. എല്ലാ സിനിമകളിലും മാന്നാര്‍ മത്തായിയിലെപ്പോലെ ഒരു ഓട്ടം നിര്‍ബന്ധമായിത്തീര്‍ന്നു. അപ്പോഴും തമിഴ്‌സിനിമകളില്‍ അദ്ദേഹം വ്യത്യസ്‌ത്യങ്ങളായി വേഷങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. മഹാനദി എന്ന കമല്‍ഹാസന്‍ ചിത്രത്തില്‍ വില്ലന്‍വേഷമാണ്‌ അദ്ദേഹത്തെ തമിഴില്‍ പ്രശസ്‌തനാക്കിയത്‌.
തമാശവേഷങ്ങളില്‍, പലപ്പോഴും വിഡ്‌ഢിവേഷങ്ങളില്‍ അഭിനയിക്കുമ്പോഴും, ജോഷി അദ്ദേഹത്തിന്‌ വ്യത്യസ്‌തങ്ങളായ വില്ലന്‍വേഷങ്ങളാണു നല്‌കിയിരുന്നത്‌. ദുബായ്‌യിലെ വില്ലന്‍ അതിനൊരുദാഹരണമാണ്‌. തമാശനടനെന്ന മുദ്രകുത്തപ്പെട്ടിരിക്കുമ്പോഴാണ്‌ രക്തക്കറ പുരണ്ട ചിരിയുമായി ആ ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ തകര്‍ത്താടിയത്‌.
സൗഹൃദങ്ങളുടെ തമ്പുരാനായിരുന്നു ഹനീഫ. പരിചയപ്പെട്ട ഒരാളെപ്പോലും അദ്ദേഹം പിരിഞ്ഞിട്ടില്ല. എല്ലാവരും വലിയ ആളുകള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്‌, കമല്‍ഹാസന്‍, പ്രിയദര്‍ശന്‍, ജോഷി, കരുണാനിധി, ശിവാജി ഗണേശന്‍... അദ്ദേഹത്തിന്റെ സുഹൃദ്‌നിരയില്‍ താരങ്ങള്‍ അനേകരാണ്‌. മലയാളത്തിലെ മിക്ക വന്‍താരങ്ങളുടെയും വളര്‍ച്ച അടുത്തുനിന്നു നോക്കിക്കണ്ട ആളാണു ഹനീഫ. അപ്പോഴും 1980ല്‍ സ്‌ഫോടനത്തിന്റെ സെറ്റില്‍ വച്ച്‌ മമ്മൂട്ടിയെന്ന പുതിയ താരത്തിനോട്‌ അനുഭാവപൂര്‍വം സംസാരിച്ച മനുഷ്യസ്‌നേഹി അദ്ദേഹത്തില്‍നിന്നു മാഞ്ഞിരുന്നില്ല.
വില്ലനായിരിക്കുമ്പോഴും വിഡ്‌ഢിവേഷം കെട്ടുമ്പോഴുമെല്ലാം അദ്ദേഹത്തില്‍ ഒരു ചിരി ഉണ്ടായിരുന്നു. ചിലപ്പോള്‍ ക്രൂരഹാസം; ചിലപ്പോള്‍ വിഡ്‌ഢിച്ചിരി. സിനിമയ്‌ക്കു പുറത്തുവച്ചുള്ള എല്ലാ ഫോട്ടോകളിലും അദ്ദേഹത്തില്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്‌തമായ മന്ദഹാസം ഉണ്ടായിരുന്നു. നന്മയുള്ള ഒരു മന്ദഹാസം. ആ മന്ദഹാസത്തെ മായ്‌ക്കാന്‍ സാധിക്കുന്ന കാര്യത്തില്‍ മരണം ദുര്‍ബലമാണ്‌.

No comments:

Post a Comment