Sunday, February 14, 2010

ഡിറ്റക്ടീവ്‌ ശിവ്‌ശങ്കര്‍ പെരുമാളും ജിതേന്ദ്ര കാശ്യപ്‌ പുജാരയും തമ്മില്‍ സംസാരിക്കുന്നു...




രാഹുലിനെത്തേടി യാത്രയാകും മുമ്പ്‌ പെരുമാളിന്‌ തന്റെ മുന്‍ തലവന്‍ പുജാരയെ അത്യാവശ്യമായി ഒന്നു ഫോണ്‍ ചേയ്യേണ്ടി വന്നു. തന്റെ കേസിന്റെ കാര്യത്തില്‍ പുജാരയടക്കം തന്റെ പരിചയവലയത്തിലുള്ള ഉന്നതന്നന്മാരെ ഒരാളെപ്പോലും, നിവൃത്തിയുള്ളപക്ഷം താന്‍ ആശ്രയിക്കുകയോ ബുദ്ധിമുട്ടിക്കുയോ ഇല്ലെന്ന്‌ പെരുമാള്‍ ആദ്യം തന്നെ കരുതിയിരുന്നു. അതുകൊണ്ടാണ്‌ കേസ്‌ തുടങ്ങി ഇത്രയും ദിവസമായിട്ടും അയാള്‍ പുജാരയെ വിളിച്ച്‌ വിശദാംശങ്ങളൊന്നും ചര്‍ച്ച ചെയ്യുക പോലും ചെയ്യാതിരുന്നത്‌. പിന്നെ, വിചിത്രമായ ഒരു സംഗതി എന്ന്‌ പുജാരയും മറ്റും എടുത്തെടുത്തുപറഞ്ഞിട്ടും ഒരു മൊബൈല്‍ഫോണ്‍ കയ്യില്‍ ക്കരുതാത്ത തന്റെ ദുശ്ശീലം മൂലം പുജാരയ്‌ക്കെന്നല്ല, ഒരാള്‍ക്കും തന്നെ ബന്ധപ്പെടാനാവില്ലല്ലോ. അത്‌ പെരുമാളിന്റെ ഒരു തീരുമാനമായിരുന്നു. ഒന്നും തന്നെ ആരും അറിയിക്കുകയല്ല, വേണ്ടത്‌. താന്‍ അറിയുകയാണ്‌. അതുപോലെ ഏതെങ്കിലും വിവരങ്ങളും തെളിവുകളും തന്നെ തേടിവരികയല്ല വേണ്ടത്‌, താനവയെ തേടിച്ചെല്ലുകയാണ്‌ വേണ്ടത്‌. അതേ, പെരുമാളിനെ ആരും വിളിക്കേണ്ട... പെരുമാള്‍ വിളിച്ചുകൊള്ളാം ആളുകളെ, പെരുമാളിന്‌ അവരെ ആവശ്യമുണ്ടാകുന്ന പക്ഷം.
ഇങ്ങനെയൊക്കെ കരുതിയിരുന്നെങ്കിലും, പെരുമാളിന്‌ ഒരു സന്ദേശമനുസരിച്ച്‌, പെട്ടെന്ന്‌ പുജാരയുമായി ഫോണില്‍ ബന്ധപ്പെടേണ്ടി വന്നു. കാരണം, തന്റെ ഇ-മെയില്‍ അഡ്രസില്‍ വല്ല സന്ദേശങ്ങളുമുണ്ടോ എന്ന്‌ പെരുമാള്‍ ഒരു ബ്രൗസിംഗ്‌ സെന്ററില്‍ കയറിയിരുന്ന്‌ പരിശോധിക്കുകയായിരുന്നു. അങ്ങനെ പെട്ടെന്ന്‌ ഒന്ന്‌ ബ്രൗസിംഗ്‌ സെന്ററില്‍ കയറാനും ഒരു കാരണമുണ്ട്‌. അന്ന്‌ സൊനാലി തന്റെ കയ്യില്‍ നിന്ന്‌ അവസാനനിമിഷം ഇ-മെയില്‍ അഡ്രസ്‌ വാങ്ങിയതിന്‌ എന്തോ പ്രത്യേക ഉദ്ദേശ്യമുണ്ടെന്ന്‌ പെരുമാള്‍ ഉറച്ചുവിശ്വസിച്ചിരുന്നു. ഇന്നല്ലെങ്കില്‍ നാളെ, തന്നെത്തേടി ആകാശത്തു നിന്ന്‌ വിചിത്രവും നിര്‍ണായകുമായ ഒരു അജ്ഞാതസന്ദേശം വന്നെത്താരിക്കില്ലെന്നും പെരുമാള്‍ വിശ്വസിച്ചു.
അതുകൊണ്ട്‌ ഇടയ്‌ക്കെല്ലാം ഇ-മെയില്‍ ചെക്കുചെയ്യുന്ന കാര്യത്തില്‍ ഉപേക്ഷ വരുത്തരുതെന്നും പെരുമാള്‍ തീരുമാനിച്ചിരുന്നു.
പ്രതീക്ഷിച്ചിരുന്ന സന്ദേശങ്ങളൊന്നും തന്നെ പെരുമാളിന്റെ മെയില്‍ ബോക്‌സില്‍ അടിഞ്ഞിരുന്നില്ല. പക്ഷേ, പുജാരയുടെ അഡ്രസില്‍ നി ന്നുള്ള സന്ദേശം കണ്ടപ്പോള്‍, പെരുമാള്‍ അതു തുറന്നുനോക്കി. മറ്റൊ ന്നും ഉണ്ടായിരുന്നില്ല. രണ്ടു വാക്യങ്ങള്‍ മാത്രം.
എന്നെ വിളിക്കുക, ഉടന്‍ തന്നെ... -പുജാര
മെയില്‍ സൈറ്റില്‍ നിന്ന്‌ സൈന്‍ ഔട്ടു ചെയ്‌ത്‌ പുറത്തിറങ്ങിയ പെരുമാള്‍ ഒഴിഞ്ഞ ഒരു ബൂത്തില്‍ക്കയറി, പുജാരയുടെ മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്‌തു. മുംബൈയില്‍ നിന്നുള്ള നമ്പര്‍ കണ്ടതുകൊണ്ടാകണം, സൗഹൃദശബ്‌ദത്തിലാണ്‌ പുജാര, അഭിവാദനം ചെയ്‌തതുപോലും.
??പെരുമാളാണ്‌ സര്‍...??, പെരുമാള്‍ ശബ്‌ദം താഴ്‌ത്തി അറിയിച്ചു.
??ഞാനൂഹിച്ചു...,'' മറുതലയ്‌ക്കല്‍ നിന്ന്‌ പുജാരയുടെ ശബ്‌ദം ഒഴുകിയെത്തി, ഒരത്യാവശ്യകാര്യം പെരുമാളിനെ അറിയിക്കാനാണ്‌ ഞാന്‍ വിളിക്കാന്‍ പറഞ്ഞത്‌...??
ഒന്നുനിര്‍ത്തി പുജാര തുടര്‍ന്നു, ??ഞാന്‍ പറയാന്‍ പോകുന്ന കാര്യം പെരുമാളിന്‌ അത്ര സുഖകരമായിരിക്കില്ലെന്ന്‌ എനിക്ക്‌ സംശയമുണ്ട്‌. ഒരു പക്ഷേ, ഞാന്‍ തന്നെ നിര്‍ബന്ധിച്ചിട്ട്‌ ചാടിപ്പുറപ്പെട്ട ഈ കേസിലെ അന്വേഷണം പാടേ അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങേണ്ടിപ്പോലും വന്നേക്കാം...??
??സാര്‍ കാര്യം പറയൂ,'' പെരുമാള്‍ പറഞ്ഞു, ``മുഖവുര ആവശ്യത്തിലധികമായി...??, തന്റെ ജിജ്ഞാസയെ ഒരു ഫലിതം കൊണ്ട്‌ പെരുമാള്‍ മറച്ചു.
??ഓക്കേ പെരുമാള്‍... ഞാന്‍ കാര്യത്തിലേക്ക്‌ വരാം. സംഗതിയെന്തെന്നുവച്ചാല്‍, എനിക്ക്‌ ഈയിടെ രഹസ്യന്വേഷണവിഭാഗത്തിലെ ഒരടുപ്പക്കാരനില്‍ നിന്ന്‌ കിട്ടിയ വിവരമാണ്‌. മുംബൈയിലെ നിരവധി തിരോധാനങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സിക്കും വല്ലാത്ത തലവേദന സൃഷ്‌ടിക്കുന്നത്‌ തടയാന്‍, അല്ലെങ്കില്‍ തല്‍ക്കാലം അതില്‍ നിന്നൊന്നു തലയൂരാന്‍ ഒരു ശ്രമം നടക്കുന്നുവത്രേ. മറ്റൊന്നുമല്ല, ഈയടുത്ത കാലത്ത്‌ ഉണ്ടായതും ആസന്നഭാവിയില്‍ സര്‍ക്കാരുകള്‍ക്ക്‌ പ്രശ്‌നം സൃഷ്‌ടിക്കാന്‍ ഇടയുള്ളതുമായ ചില തെളിയിക്കപ്പെടാത്ത തിരോധാനക്കേസുകളെങ്കിലും ഈയിടെ മുംബൈയിലുണ്ടായ വമ്പന്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങാന്‍ പോകുന്നു...??
??സര്‍, ``പെരുമാള്‍ പുജാരയുടെ വാക്കുകളെ തടസ്സപ്പെടുത്തി,'' എനി ക്കു മനസ്സിലാകുന്നില്ല, സാര്‍ പറഞ്ഞുവരുന്നത്‌...??
??അതുതന്നെ പെരുമാള്‍, പ്രളയത്തില്‍ മരിച്ചവരുടെ ഒരു ഔദ്യോഗികപ്പട്ടിക ഉണ്ടായിവരുന്നുണ്ട്‌. ഒരു ഔദ്യോഗികരേഖ. അതില്‍ പ്രളയത്തില്‍ മരിച്ചവര്‍ക്കു പുറമേ, ഈയടുത്ത കാലത്ത്‌ തിരോധാനം ചെയ്‌ത പലരുടേയും പേരുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ പെരുമാള്‍ നമ്മള്‍ അദ്‌ഭുതപ്പെടേണ്ടതില്ല...??
??ഓഹോ...?? അങ്ങനെ പറയുമ്പോള്‍ പെരുമാള്‍ വല്ലാത്ത ആശയസംഘര്‍ഷം അനുഭവിക്കുന്നുണ്ടായിരുന്നു.
??എന്നുവച്ച്‌ ആ പട്ടികയില്‍ കാണാന്‍ സാധ്യതയുള്ള മിസ്സിംഗ്‌ കേ സില്‍പ്പെട്ട എല്ലാവരുടെയും കാര്യത്തില്‍ എന്തെങ്കിലും കൃത്രിമം നടന്നു എന്നു പറയാന്‍ കഴിയില്ല പെരുമാള്‍. ചിലപ്പോള്‍, ചിലര്‍ യഥാര്‍ഥത്തില്‍ ത്തന്നെ പ്രളയത്തില്‍പ്പെട്ടു തന്നെ മരിച്ചതാകാം. കാണാതായി എന്ന്‌ വച്ച്‌ അവര്‍ പ്രളയത്തില്‍പ്പെട്ടുകൂടാ എന്നില്ലല്ലോ. അതല്ലെങ്കില്‍ അവര്‍ വേറെവിടെങ്കിലും വച്ച്‌ കൊല്ലപ്പെടുകയും പിന്നീട്‌ ജീവിച്ചിരിക്കുന്ന ആരുടെയെങ്കിലും സഹായത്തോടെ പ്രളയത്തില്‍ ഒഴുക്കപ്പെട്ടതാകാം... ഇനി അതുമല്ലെങ്കില്‍, പ്രളയത്തില്‍പ്പെട്ടിട്ടേ ഉണ്ടാകില്ല. പക്ഷേ, കൊല്ലപ്പെട്ടിരിക്കാം... പക്ഷേ, പട്ടികയില്‍ ഒരു പേരായി...?? പുജാരയുടെ ശബ്‌ദത്തില്‍ രഹസ്യാത്മകത നിഴലിച്ചു.
??സര്‍... ഞാനന്വേഷിക്കുന്ന കേസിനെ സാറിപ്പറയുന്ന സംഗതികള്‍ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമോ?...?? പെരുമാള്‍ തിരക്കി.
??മിസ്റ്റര്‍ പെരുമാള്‍, ഒന്നു കൂടി ശബ്‌ദം കനപ്പിച്ച്‌ പുജാര നിര്‍ത്തിനിര്‍ത്തിപ്പറഞ്ഞു, ആ പട്ടികയില്‍ ശ്രദ്ധേയമായ ഒരുപേരുണ്ട്‌, വിജയ്‌ കാല്‍ക്കര്‍...??
??നോ...?? പെരുമാള്‍ ഓര്‍ക്കാതെ ഒച്ചയെടുത്തുപോയി. പിന്നെ, പെ ട്ടെന്ന്‌ പരിസരം ശ്രദ്ധിച്ച്‌. വികാരം നിയന്ത്രിച്ചു. ??സാര്‍, എന്താണീ പറയുന്നത്‌...??
??സത്യമാണ്‌ ഞാന്‍ പറഞ്ഞത്‌, അയാള്‍ മരിച്ചതാണോ എന്ന്‌ എനിക്ക്‌ ഉറപ്പു പറയാനാവില്ല. പ്രളയത്തില്‍ തന്നെ മരിച്ചതാണോ എന്നുപോലും പക്ഷേ, അയാള്‍ മരിച്ചെന്നുണ്ടെങ്കില്‍ ആ മരണത്തിനു പിന്നില്‍ നാം വിചാരിച്ചാല്‍ ഒന്നും ചെയ്യാനാകാത്ത ആളുകള്‍ക്കു പോലും താല്‌പര്യമുണ്ടെന്നുറപ്പ്‌. മാത്രമല്ല, മരിച്ചുകഴിഞ്ഞ രണ്ടുപേര്‍ക്കുവേണ്ടിയാണെങ്കില്‍ ഈ അന്വേഷണത്തില്‍ എന്തെങ്കിലും അര്‍ഥമുണ്ടോ പെരുമാള്‍...??
പെരുമാള്‍ ഒന്നും മിണ്ടിയില്ല. എന്താണ്‌ പറയേണ്ടതെന്ന്‌ പെട്ടെന്ന്‌ പെരുമാളിന്‌ രൂപമുണ്ടായിരുന്നില്ല.
പക്ഷേ, പെരുമാള്‍ മനസ്സില്‍ പറയുന്നുണ്ടായിരുന്നു, ഏതായാലും എന്റെ അന്വേഷണം ഞാന്‍ അവസാനിപ്പിക്കുന്നില്ല. അവരെ ജീവനോടെ ആ അമ്മയുടെ മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ കൊന്നവരെയെങ്കിലും കണ്ടുപിടിക്കാതെ എന്റെ അന്വേഷണം അവസാനിക്കുകയില്ല.
അങ്ങനെ മനസ്സില്‍ പറയുമ്പോഴും പെരുമാള്‍ ദൈവത്തോടൊന്നുമല്ലാതെ വെറുതെ പ്രാര്‍ഥിച്ചു, അങ്ങനെയാവരുതേ, ആ സഹോദരങ്ങള്‍ മരണത്തിന്‌ കീഴടങ്ങിയിട്ടുണ്ടാകരുതേ...

വായിക്കുക
സിറ്റി ഓഫ്‌ എം.
ഡിറ്റക്ടീവ്‌ ഫിക്ഷന്‍ - അന്‍വര്‍ അബ്ദുള്ള
മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. പേജ്‌ 159, വില 100 രൂപ

കാല്‍ക്കര്‍ സഹോദരന്മാരുടെ തിരോധാനത്തിനു പിന്നിലെ രഹസ്യങ്ങളന്വേഷിച്ചുതുടങ്ങുന്ന പെരുമാള്‍ എത്തിപ്പെടുന്നത്‌ തിരോധാനങ്ങളുടെ അധോലോകത്തിലാണ്‌. തിരോധാനങ്ങളുടെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ പിന്നിലെ രാഷ്ട്രീയപരത വിഷയമാകുന്ന ഡിറ്റക്ടീവ്‌ ത്രില്ലര്‍.

മാതൃഭൂമി സെയില്‍സ്‌ സെന്ററുകളിലും മറ്റും പ്രമുഖ പ്രസാധക ഔട്ട്‌ലെറ്റുകളിലും പുസ്‌തകം ലഭിക്കും.
മാതൃഭൂമി സെയില്‍സ്‌ സെന്ററുകള്‍
കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്‌, കോട്ടയം, കണ്ണൂര്‍, മലപ്പുറം, കൊല്ലം, കല്‍പ്പറ്റ, നെടുമ്പാശ്ശേരി വിമാനത്താവളം,
എറണാകുളം നോര്‍ത്ത്‌, ഷൊര്‍ണൂര്‍, ആലുവ (റെയില്‍വേ സ്‌റ്റേഷനുകള്‍)

ഡിറ്റക്ടീവ്‌ ശിവ്‌ശങ്കര്‍ പെരുമാള്‍ കഥ പറഞ്ഞുതുടങ്ങുന്നു...




അങ്ങനെ പതിനൊന്നുമണികഴിഞ്ഞ്‌ അന്‍പതു മിനിറ്റുകള്‍ ആയപ്പോള്‍ നൂര്‍ജഹാന്റെ ഫ്‌ളാറ്റിന്റെ സ്വീകരണമുറിയില്‍ എല്ലാവരും ഒത്തുചേര്‍ന്നു. അവര്‍ പതിനാറുപേര്‍. പെരുമാള്‍, അഡ്വക്കേറ്റ്‌, രചന, ഗോകുലദാസന്‍, കൃഷ്‌ണന്‍ നായര്‍, സുധാകരന്‍, തോമസ്‌, ഖാലിദ്‌, സുരേഷ്‌, സുഷമ, ജീവന്‍, സീനത്ത്‌, നൂര്‍ജഹാന്‍, ഇബ്രാഹിംകുട്ടി, പത്താംനിലയിലെ യുവഡോക്‌ടര്‍ റഹ്‌മാന്‍. പിന്നെ, അബുവും.
പെരുമാളിന്റെ നാടകീയമായ ഒരു മുഖവുരയോടെ അന്നത്തെ സംഭവഗതികള്‍ക്ക്‌ നാന്ദികുറിക്കപ്പെട്ടു.
-പ്രിയപ്പെട്ടവരേ... നിങ്ങളില്‍ എല്ലാവര്‍ക്കും എന്നെ അറിയാം. ചിലര്‍ക്കറിയാവുന്നത്‌ ഇന്‍വെസ്റ്റിഗേറ്റര്‍ എന്ന ക്രൈം ജേര്‍ണലിന്റെ കറസ്‌പോണ്ടന്റായാണ്‌... മറ്റുചിലര്‍ക്ക്‌ അറിയാവുന്നത്‌ അത്ര അപ്രശസ്‌തനല്ലാത്ത സ്വകാര്യ കുറ്റാന്വേഷകന്‍ ശിവ്‌ശങ്കര്‍ പെരുമാളായിട്ടും... രണ്ടാമത്തെ കൂട്ടര്‍ വിശ്വസിക്കുന്നതും അറിയുന്നതുമാണ്‌ കൂടുതല്‍ ശരി...
അതുകേള്‍ക്കവേ, സുരേഷും സുഷമയും തോമസും നൂര്‍ജഹാനും സീനത്തും ജീവനും വിസ്‌മയിച്ച്‌ മിഴികളുയര്‍ത്തി. അവര്‍ക്ക്‌ അമ്പരപ്പു തോന്നുന്നുണ്ടായിരുന്നു. പെരുമാള്‍ തുടര്‍ന്നു.
-തെറ്റിദ്ധാരണ സൃഷ്‌ടിച്ചതിനു ക്ഷമ ചോദിക്കുന്നു. പെരുമാള്‍ എന്ന ഞാന്‍ ഈ കേസില്‍ ഇടപെട്ടത്‌ പ്രതിയായി ഇപ്പോള്‍ തടവില്‍ക്കഴിയുന്ന രാജീവിന്റെ അച്ഛന്‍ അവശ്യപ്പെട്ടതിന്‍പ്രകാരമായിരുന്നെങ്കിലും അദ്ദേഹത്തോടു ഞാനൊരു വാക്കുപറഞ്ഞിരുന്നു. അന്വേഷണാവസാനം അദ്ദേഹത്തിന്റെ മകനാണ്‌ പ്രതിയെന്നു കണ്ടെത്തിയാല്‍ അതാവും ഞാന്‍ വെളിപ്പെടുത്തുകയെന്ന്‌. ഈ നിമിഷവും അതിനുമാറ്റമില്ല. അങ്ങനെ വന്നാല്‍, എന്തുകൊണ്ട്‌, എങ്ങനെ തന്റെ മകനീ ദുഷ്‌പ്രവൃത്തി ചെയ്‌തു എന്നറിയുന്നതുതന്നെ അദ്ദേഹത്തിനു അല്‌പം ആശ്വാസമേകാതിരിക്കില്ല എന്നു ഞാന്‍ സ്വയം ആശ്വസിക്കുന്നു...
ഇനി നമുക്കു കാര്യക്രമത്തിലേക്കു കടക്കാം. ഇവിടെയിപ്പോള്‍ ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവരുംതന്നെയുണ്ട്‌. ആരുമാവശ്യപ്പെടാതെ പോലീസിനു മുന്നില്‍വന്ന്‌ മൊഴിനല്‌കിയ മിസ്റ്റര്‍ ഇബ്രാഹിംകുട്ടി മുതല്‍ പോലീസിന്റെ നോട്ടത്തില്‍ വരാതിരിക്കാന്‍ ശ്രമിച്ചുവിജയിച്ച ഖാലിദ്‌ വരെ. അസാന്നിദ്ധ്യം മൂന്നു പേരുടേതാണ്‌. യഥാക്രമം രാജീവ്‌, കാര്‍ത്തിക, പിന്നെ, ഇപ്പോള്‍ പേരു വെളിപ്പെടുത്താനാകാത്ത മറ്റൊരാള്‍. ഇവരില്‍ അവസാനത്തെ രണ്ടാളുകള്‍ ഇനി അവര്‍ക്കായി ഒഴിഞ്ഞുകിടക്കുന്ന കസേരകളില്‍ ഉപവിഷ്‌ഠരാകില്ല. എന്നാല്‍, രാജീവ്‌ അസന്നിഹിതനായിരിക്കുമ്പോഴും അവനെ ഇവിടെ അത്യാവശ്യമുണ്ട്‌. ഔദ്യോഗികമായി പോലീസ്‌ കസ്റ്റഡിയില്‍ക്കഴിയുന്ന അവനെ ഇവിടെ എത്തിക്കാനാവില്ലെന്നുമാത്രം. അതുകൊണ്ട്‌ എന്റെ സഹചരനായ അബുവിനെ ആ സ്ഥാനത്ത്‌ തല്‌ക്കാലം ഞാന്‍ പ്രതിഷ്‌ഠിക്കുകയാണ്‌. രസകരമായ ഒരു വസ്‌തുത ഇവിടെ അന്ന്‌ ആ അരുംകൊല അരങ്ങേറുമ്പോള്‍, നിങ്ങളില്‍ പലരും അതില്‍ പങ്കാളികളായിരുന്നു. പലരും അറിഞ്ഞുകൊണ്ട്‌. ചിലര്‍ അറിയാതെ. ചിലര്‍ പരസ്‌പരധാരണയോടെ. ചിലര്‍ ആരുമറിയാതെ ദൈവത്തിന്റെ റോളില്‍ അജ്ഞാതദ്രഷ്‌ടാക്കളായി. നിങ്ങളില്‍ പലര്‍ക്കറിയാവുന്ന, പരസ്‌പരം അറിയാനിടയായിട്ടില്ലാത്ത ഖണ്‌ഡങ്ങള്‍ ചേര്‍ത്തുവച്ചാല്‍ ഒരു കഥയാകും. അന്നു നടന്ന സംഭവത്തിന്റെ ഏതാണ്ട്‌ പൂര്‍ണ്ണതയോടടുത്തുനില്‌ക്കുന്ന ഒരു ഭാവചിത്രം. അതു പലകോണില്‍ നിന്നുകൊണ്ടു വിവരിക്കുകയാണു ഞാന്‍ ചെയ്യാന്‍ പോകുന്നത്‌. അതിലൊന്നു സത്യമായിരിക്കും. മറ്റെല്ലാം സത്യത്തോടടുത്തുനില്‌ക്കുന്ന കള്ളങ്ങളും. അതുപക്ഷേ, പ്രശ്‌നമില്ല, കാരണം, നമുക്കൊരൊറ്റ സത്യമേ ആവശ്യമുള്ളൂ. ഒരേയൊരു സത്യം. കുറ്റാന്വേഷണത്തില്‍മാത്രം സത്യം ആപേക്ഷികമല്ലെന്ന്‌ ഏത്‌ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീനും സമ്മതിക്കാതിരിക്കുകയില്ല...
അന്നുരാത്രി ഏകദേശം പതിനൊന്നേമുക്കാലോടെ ഒരു പ്രീ പെയ്‌ഡ്‌ ടാക്‌സിക്കാറില്‍ തീവണ്ടിയില്‍വച്ച്‌ പരിചിതരായ കാര്‍ത്തികയും രാജീവും ഈ കെട്ടിടത്തിനു മുന്നില്‍ വന്നിറങ്ങി. കാര്‍ത്തികയ്‌ക്ക്‌ രാജീവിനെ ഏതെങ്കിലുംവിധത്തില്‍ മുന്‍പരിചയമുണ്ടായിരുന്നോ എന്നു ഞാന്‍ പരിശോധിച്ചു. എന്നാല്‍, അവനെ അവള്‍ മുന്‍പ്‌ ഒരുതവണയെങ്കിലും വിളിച്ചിരുന്നില്ലെന്ന്‌ വ്യക്തമാണ്‌. ഇവിടെ തോമസിന്റെ മുന്നില്‍ വന്നിറങ്ങിയ അവര്‍ നേരേ ലിഫ്‌റ്റില്‍ക്കയറി. ആറാംനിലയില്‍ വന്നിറങ്ങി. തുടര്‍ന്നങ്ങോട്ട്‌ രാജീവ്‌ വരേണ്ടെന്ന്‌ പറഞ്ഞു കാര്‍ത്തിക ഒറ്റയ്‌ക്കു ഫ്‌ളാറ്റിനുനേരേ കോറിഡോറിലൂടെ നടന്നു. അതിനിടയില്‍ അവര്‍ തമ്മില്‍ നമ്പരുകള്‍ കൈമാറി. താഴേക്കുപോകാനൊരുമ്പെട്ട രാജീവിന്‌ കാര്‍ത്തികയെ പിരിയാന്‍ എന്തുകൊണ്ടോ മാനസികമായി സാധിച്ചില്ല. അവന്‍ ഒരിക്കല്‍ക്കൂടി മുകളിലേക്കുവരികയും അവളെ ഫോണ്‍ ചെയ്യുകയും ചെയ്‌തു. ഒരിക്കല്‍ക്കൂടി കാണണമെന്ന അവന്റെ അപേക്ഷ നിരസിച്ചുകൊണ്ട്‌ അവള്‍ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ നടന്നു. ഈ ഫോണ്‍സംഭാഷണവും നടപ്പും തൊട്ടപ്പുറത്തെ ഫ്‌ളാറ്റുസമുച്ചയത്തിന്റെ ആറാംനിലയില്‍ മറ്റൊരാവശ്യത്തിന്‌ അതേസമയത്തു വന്നുപെട്ട ഖാലിദ്‌ തികച്ചും യാദൃച്ഛികമായി കാണുന്നുണ്ടെന്നതാണ്‌ ഇതുവരെ ആരും അറിഞ്ഞിട്ടില്ലാത്ത രഹസ്യം. കാര്‍ത്തിക അവളുടെ മുറിയുടെ അടുത്തുള്ള വളവിനപ്പുറം വളയുന്നതുവരെ അയാള്‍ കണ്ടു. അവര്‍ മൂന്നാളും ഒരുമിച്ചു തീവണ്ടിയിലുണ്ടായിരുന്നതുകൊണ്ടാണ്‌ കാര്‍ത്തികയെ കണ്ടപ്പോള്‍ ഖാലിദ്‌ ശ്രദ്ധിച്ചത്‌. അവള്‍ മറഞ്ഞുകഴിഞ്ഞ്‌ അല്‌പനേരം കഴിഞ്ഞപ്പോള്‍ രാജീവ്‌ അതേ കോറിഡോറിലൂടെ അവള്‍ പോയ പാത പിന്തുടരുന്നത്‌ അയാള്‍ കണ്ടു. അതയാള്‍ക്ക്‌ വിസ്‌മയകരമായിരുന്നു. രാജീവിനും വളവിനപ്പുറം മറയുന്നത്‌ അയാള്‍ കണ്ടു. അതിനുശേഷം, അല്‌പനേരം ഖാലിദ്‌ ആ കെട്ടിടത്തിന്റെ വരാന്തയിലുണ്ടായിരുന്നില്ല. എട്ടുപത്തു മിനിറ്റുകള്‍ക്കുശേഷം ഖാലിദ്‌ വീണ്ടും ആ വരാന്തയില്‍ വന്നു. അപ്പോള്‍ ഖാലിദ്‌ കാണുന്നതെന്താണ്‌?... കാര്‍ത്തികയും രാജീവും തമ്മില്‍ ഈ കോറിഡോറില്‍ക്കിടന്ന്‌ ബലാബലം നടത്തുന്നു. കാര്‍ത്തികയെ പിടിച്ചടക്കാന്‍ ശ്രമിക്കുകയാണ്‌ രാജീവ്‌. അവള്‍ രക്ഷപ്പെടാന്‍ കുതറുകയും ബലം പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാല്‍, അവള്‍ക്ക്‌ ശബ്‌ദമുയര്‍ത്താനാകാത്തവിധം അവനവളെ വാപൊത്തിയിരിക്കുന്നു. പെട്ടെന്ന്‌, അവള്‍ അവന്റെ പിടിവിടുവിച്ച്‌ ഓടുന്നതില്‍ വിജയിച്ചു. അവന്‍ അവളുടെ പിന്നാലെ കുതിച്ചു. അവര്‍ കോറിഡോറിന്റെ മറച്ചുവരുകള്‍ക്കപ്പുറം മറഞ്ഞു.
ഖാലിദ്‌ ശരിക്കും ഭയന്നുപോയി. ഖാലിദ്‌ ആ അസമയത്ത്‌ അവിടെയെത്തിയത്‌ നിയമവിരുദ്ധമായ ഒരു കാര്യത്തിനാണ്‌. അതുകൊണ്ട്‌ എന്തെങ്കിലും പ്രശ്‌നമുണ്ടായി ആളുകള്‍ അറിയുകയോ സന്ദര്‍ഭം വ്യത്യസ്‌തമാകുകയോ ചെയ്യുന്നതിനുമുന്‍പ്‌ അയാള്‍ക്ക്‌ അവിടെനിന്ന്‌ കടന്നുകളയേണ്ടതുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കാനൊന്നും അന്നേരം അയാള്‍ക്കു തോന്നിയില്ല. കാരണം, രക്ഷിക്കാന്‍ ചെന്നാല്‍ ചിലപ്പോള്‍ താനാകും പെടുക... അതോടെ ഖാലിദ്‌ അതിവേഗം ലിഫ്‌റ്റില്‍ താഴെയെത്തി. താഴെയെത്തിയപാടേ, ഖാലിദിന്‌ ഒരോട്ടോ കിട്ടി. അതില്‍ നഗരത്തിലേക്കു പോകവേ, ആ റിട്ടേണ്‍ ട്രിപ്‌ വാഹനം വഴിയില്‍ മറ്റൊരു യാത്രികനെക്കൂടി സ്വീകരിച്ചു. അത്‌ അവനായിരുന്നു. രാജീവ്‌. കാര്‍ത്തികയെക്കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട രാജീവ്‌. അവന്‍ അതിനിടെ, പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ എടുക്കില്ലെന്നറിഞ്ഞുകൊണ്ട്‌ വീണ്ടും കാര്‍ത്തികയ്‌ക്കു ഫോണ്‍ ചെയ്‌തു. രാജീവും ഖാലിദും. രണ്ടാളും പരസ്‌പരം കണ്ടെങ്കിലും അതു ഭാവിച്ചില്ല. രാജീവ്‌ ഇറങ്ങിയശേഷം ഓട്ടോഡ്രൈവറെ സ്വാധീനിച്ച്‌ തന്റെ സാന്നിദ്ധ്യത്തിന്റെ അടയാളങ്ങള്‍ ഖാലിദ്‌ മായിച്ചു.
ഖാലിദ്‌ കാണാതിരുന്ന സമയത്ത്‌ രാജീവിന്റെ പ്രവൃത്തി നമുക്കൂഹിക്കാം. രാജീവ്‌ കാര്‍ത്തികയുടെ ഫ്‌ളാറ്റിന്റെ വാതിലില്‍ മണിമുഴക്കിയത്‌. അവന്റെ പിടിയില്‍പ്പെട്ട, ഉറക്കംപിടിച്ചിട്ടില്ലാത്ത കാര്‍ത്തിക നിലവിളിച്ചുകൊണ്ടാകാം ഓടിയിരിക്കുക. പക്ഷേ, അത്‌ ഉറക്കത്തിലാണ്ട ആരുടെയും ചെവികളില്‍ പതിച്ചില്ല. അവള്‍ ഓടി ലിഫ്‌റ്റില്‍ക്കയറി. അതിന്റെ വാതിലടയുന്നതിനു മുന്നേ, അവനും അതില്‍ കയറിപ്പറ്റി. ലിഫ്‌റ്റവന്‍ പതിമൂന്നാം നിലയിലേക്കുവിട്ടു. ലിഫ്‌റ്റില്‍വച്ച്‌ അവന്‍ അവളെ കീഴ്‌പെടുത്താന്‍ ശ്രമിച്ചു. ആ ശ്രമത്തിനിടയില്‍ അവളുടെ ചുഡീദാര്‍ കീറുകയും അവന്റെ വിരലടയാളങ്ങള്‍ ലിഫ്‌റ്റിനുള്ളിലെ മിററിലും അവളുടെ ദേഹത്തും പതിയുകയും ചെയ്യുന്നുണ്ട്‌. അവന്റെ മുടിയിഴകള്‍ അവളുടെ ബലപ്രയോഗത്തിനിടെ അവിടെ കൊഴിഞ്ഞുപതിക്കുന്നുണ്ട്‌. അവന്റെ കീഴ്‌പെടുത്തല്‍ ശ്രമത്തിനിടയില്‍ അവള്‍ ശ്വാസംമുട്ടി മരിച്ചു. പതിമൂന്നാം നിലയിലിറങ്ങിയ രാജീവ്‌ അവള്‍ മരിച്ചെന്നുകണ്ട്‌ പരിഭ്രാന്തനായി. പിന്നെ, ലിഫ്‌റ്റുവഴിയോ, മിക്കവാറും കോവേണി വഴിയോ ഓടിയിറങ്ങി രക്ഷപ്പെടുന്നു. കാര്‍ത്തികയുടെ ഫോണിലേക്കു നിഷ്‌ഫലമായ കോള്‍ ചെയ്യുന്നു. ഓട്ടോയില്‍ക്കയറുന്നു.
ഇവിടത്തെ സുപ്രധാനമായ കാര്യം ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും താന്‍ കാര്‍ത്തികയെ കൊന്നിട്ടില്ലെന്നും രാജീവ്‌ പറയുന്നു. പറയുക മാത്രമല്ല, അവനങ്ങനെ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും ചെയ്യുന്നു. പക്ഷേ, വര്‍ഷങ്ങളായി രാജീവിന്‌ ഒരു അസുഖമുണ്ട്‌. ഡിപ്രഷന്‍ അഥവാ, വിഷാദരോഗം. അതിനവന്‍ വര്‍ഷങ്ങളായി മരുന്നുകഴിക്കുന്നു. ഒരിക്കല്‍ ശമിച്ച രോഗാവസ്ഥ ഔഷധസേവ അവസാനിപ്പിച്ച്‌ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വീണ്ടുമവനെ ആക്രമിച്ചിട്ടുണ്ട്‌. ഇപ്പോള്‍ അതിനുള്ള ചികിത്സയുടെ അന്തിമപാദത്തിലാണവനെന്ന്‌ അവന്റെ ഡോക്‌ടര്‍ വിജയ്‌മോഹന്‍ പറയുന്നു. അതേ വിജയ്‌മോഹന്‍ ഒരുകാര്യം കൂടി വെളിപ്പെടുത്തുന്നു. ഡിപ്രഷന്‍ രോഗികളില്‍ ചിലപ്പോള്‍ അവര്‍ക്ക്‌ ഓര്‍ക്കാനിഷ്‌ടമില്ലാത്ത കാര്യങ്ങള്‍ തള്ളിക്കളയാന്‍ സ്വന്തം മനസ്സ്‌ ഒരു ഡിഫന്‍സ്‌ മെക്കാനിസം സ്വീകരിക്കുമത്രേ. പാര്‍ഷ്യല്‍ അംനീഷ്യയെന്നോ പാര്‍ഷ്യല്‍ ഡിമെന്‍ഷ്യയെന്നോ ഒക്കെ വിളിക്കാവുന്ന ഒരുതരം മെന്റല്‍ ഓര്‍ സെറിബ്രല്‍ സ്റ്റേസിസ്‌... കാര്‍ത്തികയെ കൊല്ലാന്‍ രാജീവുദ്ദേശിച്ചിരുന്നില്ല. മുന്‍പ്‌ ചില പ്രേമപരാജയങ്ങളില്‍ തകര്‍ന്ന രാജീവിന്‌ കാര്‍ത്തികയെ പ്രാപിക്കണമെന്നേ ഉണ്ടായിരുന്നുള്ളു. മിക്ക വധരംഗങ്ങളിലുമെന്നപോലെ അവിചാരിതമായി ഹത്യ അരങ്ങേറി. താനാണ്‌ കാര്‍ത്തികയെക്കൊന്നതെന്ന ഭീകരസത്യം മറക്കാന്‍ അവന്റെ മനസ്സ്‌ സമ്പൂര്‍ണ്ണമായും ആ സംഭവം മറന്നു. താന്‍ തികച്ചും നിരപരാധിയാണെന്നവന്‍ കരുതുന്നു. ഇങ്ങനെ സംഭവിക്കാമെന്ന്‌ മനോരോഗവിദഗ്‌ദ്ധനായ ഡോക്‌ടര്‍ വിജയ്‌മോഹന്‍ അഭിപ്രായപ്പെടുന്നു. അങ്ങനെതന്നെയാണ്‌ സംഭവിച്ചതും...
പെരുമാള്‍ ഒന്നുനിര്‍ത്തി. കേള്‍വിക്കാര്‍ ഒരു പ്രേതകഥ കേള്‍ക്കുന്നതുപോലെ സ്‌തംബ്‌ധരായിരിക്കുകയായിരുന്നു. സുധാകരന്റെ മുഖത്ത്‌ ആഴമുള്ളൊരു നിരാശ കാണപ്പെട്ടു. രചന ചോരവാര്‍ന്ന മുഖവുമായി അനക്കമറ്റിരുന്നു. പൊടുന്നനെ ഒരു വിതുമ്പല്‍ പൊട്ടിപ്പുറപ്പെട്ട്‌ വിലാപമായി ശ്രുതിമാറി. കൃഷ്‌ണന്‍നായരായിരുന്നു അത്‌. കഥകേട്ടവസാനിച്ചപ്പോഴേക്കും ആ പിതാവിന്റെ ഹൃദയം തകര്‍ന്നുപോയിരുന്നു.
-കഥയുടെ പാതിയില്‍ കരയുന്നത്‌ ശരിക്കും കരയേണ്ടവരായിരിക്കില്ല..., പെരുമാള്‍ അയാളെ നോക്കിപ്പറഞ്ഞു. അയാള്‍ നിറമിഴികളോടെ, എന്നാല്‍ വിലാപത്തിനൊരു അര്‍ദ്ധവിരാമമേകി, പെരുമാളിനെ തുറിച്ചുനോക്കി. പെരുമാള്‍ മന്ദഹാസത്തോടെ തുടര്‍ന്നു.
-ഈ കഥ സംഭവ്യമെന്നു തോന്നാമെങ്കിലും എണ്ണിപ്പറഞ്ഞാല്‍ അനേകം വിടവുകള്‍, ലൂപ്‌ഹോളുകള്‍ നിറഞ്ഞതാണെന്നതാണ്‌ എന്നെ ഈ കഥ പ്രഥമദൃഷ്‌ട്യാ തള്ളിക്കളയാന്‍ പ്രേരിപ്പിക്കുന്നത്‌. അവ ഞാന്‍ അക്കമിട്ടുപറയാം...

വായിക്കുക
കംപാര്‍ട്‌മെന്റ്‌
ഡിറ്റക്ടീവ്‌ ഫിക്ഷന്‍ - അന്‍വര്‍ അബ്ദുള്ള
മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. പേജ്‌ 152, വില 95 രൂപ

ഐ.റ്റി.പ്രഫഷനല്‍ കാര്‍ത്തികയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ നീക്കാനെത്തുന്ന ഡിറ്റക്ടീവ്‌ പെരുമാളിന്റെ സാഹസികവും ഉദ്വേഗജനകവുമായ അന്വേഷണപര്യടനത്തിന്റെ വിശദാംശങ്ങള്‍. വായനക്കാരന്റെ ജിജ്ഞാസയെ തൊട്ടുണര്‍ത്തുന്ന പുതുമയുള്ള ഡിറ്റക്ടീവ്‌ ത്രില്ലര്‍.
മാതൃഭൂമി സെയില്‍സ്‌ സെന്ററുകളിലും മറ്റും പ്രമുഖ പ്രസാധക ഔട്ട്‌ലെറ്റുകളിലും പുസ്‌തകം ലഭിക്കും.
മാതൃഭൂമി സെയില്‍സ്‌ സെന്ററുകള്‍
കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്‌, കോട്ടയം, കണ്ണൂര്‍, മലപ്പുറം, കൊല്ലം, കല്‍പ്പറ്റ, നെടുമ്പാശ്ശേരി വിമാനത്താവളം,
എറണാകുളം നോര്‍ത്ത്‌, ഷൊര്‍ണൂര്‍, ആലുവ (റെയില്‍വേ സ്‌റ്റേഷനുകള്‍)

Friday, February 12, 2010

പാട്ടിന്റെ പുത്തന്‍ പൂക്കാലം കഴിഞ്ഞു...



പാട്ടിന്റെ പുത്തന്‍ പൂക്കാലമായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി. രണ്ടു പതിറ്റാണ്ടിലേറെക്കാലം മലയാളസിനിമയില്‍ ഭാവസൗരഭ്യം പരത്തിയ ആ പൂക്കാലത്തിന്‌ ആകസ്‌മികമായ അന്ത്യമായി. നീലഭസ്‌മക്കുറിയണിഞ്ഞ ആ നിലാവൊളി മാഞ്ഞു. കിനാവിന്റെ പടികടന്നെത്തിയ ആ പദനിസ്വനം ഇനി കേള്‍ക്കില്ല മലയാളി.
എണ്‍പതുകളുടെ രണ്ടാംപാതിയിലാണ്‌ ഗിരീഷ്‌ പുത്തഞ്ചേരി മലയാളസിനിമാലോകത്തേക്കു കടന്നെത്തുന്നത്‌. എഴുത്തച്ഛന്‍ മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടുവരെയുള്ള കവികളെ നന്നായി വായിച്ചതിന്റെ വാസനാബലത്തിലാണ്‌ പുത്തഞ്ചേരി നാടകങ്ങള്‍ക്കും പാട്ടെഴുതിയും കവിതയെഴുതിയും വാക്കിന്റെ ലോകത്തേക്കുവരുന്നത്‌. മനോഹരമായ ഡിക്ഷന്‍ കൈമുതലായുണ്ടായിരുന്നെങ്കിലും സിനിമാപ്രവേശം സുസാദ്ധ്യമായിരുന്നില്ല. സിനിമ എന്ന മായികലോകം അതിന്റെ എല്ലാ ഭാവവുംകാട്ടി പുത്തഞ്ചേരിയെ വിളിച്ചുകൊണ്ടിരുന്നു. തന്നെ മദിരാശിയിലേക്കു യാത്രയാക്കാന്‍ വരികയും എല്ലാ സഹായങ്ങളും ചെയ്യുകയും ചെയ്‌ത ഗിരീഷ്‌ എന്ന ചെറുപ്പക്കാരനെക്കുറിച്ച്‌, തന്റെ ഓര്‍മക്കുറിപ്പുകളില്‍ മുന്‍കാല തിരക്കഥാകൃത്ത്‌ ശാരംഗപാണി ഓര്‍മിക്കുന്നുണ്ട്‌. തന്നെ സിനിമാഗാനരചയിതാവാകാന്‍ സഹായിക്കണമെന്നതായിരുന്നു ഗിരീഷിന്റെ അഭ്യര്‍ത്ഥന. തനിക്ക്‌ അക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്വപ്രതിഭ ഗിരീഷിനെ എത്രയോ ഉയരത്തിലെത്തിച്ചതായും ശാരംഗപാണി എഴുതുന്നു.
ശരിക്കും കഷ്‌ടപ്പെട്ടിട്ടുണ്ട്‌ പുത്തഞ്ചേരി, ഒരു തുടക്കത്തിനായി. എന്‍ക്വയറി എന്ന ചിത്രമാണ്‌ ആദ്യമായി ഗിരീഷിന്റെ ഗാനത്തിന്റെ സുന്ദരഭാവങ്ങള്‍ എടുത്തണിഞ്ഞത്‌. ചിത്രം ശ്രദ്ധിക്കപ്പെടാതെ വന്നതോടെ പാട്ടെഴുത്തുകാരനും ഗുണംകിട്ടാതെ പോയി. തുടര്‍ന്ന്‌, പാട്ടെഴുതാനുള്ള മോഹത്തില്‍ ഒരു തിരക്കഥാരചന വരെ ഭരമേല്‌ക്കുകയുണ്ടായി പുത്തഞ്ചേരി. രണ്ടാമത്തെ ചിത്രം അങ്ങനെ പുറത്തുവന്നു. ബ്രഹ്മരക്ഷസ്സ്‌. അക്കാലത്ത്‌ പൈങ്കിളിവാരികകളില്‍ മാന്ത്രികനോവലുകള്‍ വിളയുന്ന കാലമായിരുന്നു. അങ്ങനെയുണ്ടായ നോവലാണ്‌ കോട്ടയം പുഷ്‌പനാഥിന്റെ ബ്രഹ്മരക്ഷസ്സ്‌. മൈല്‍ഡ്‌ പോര്‍ണോ ചിത്രങ്ങളുടെ വസന്തവുമായിരുന്നു അക്കാലത്ത്‌ മലയാളസിനിമയില്‍. ആദ്യപാപവും ലയനവും തുടങ്ങിവച്ച ട്രെന്‍ഡ്‌. ആ ട്രെന്‍ഡില്‍ വന്നൊരു സിനിമയായിരുന്നു അത്‌. ബ്രഹ്മരക്ഷസ്സിനു പാട്ടും തിരക്കഥയും എഴുതി പുത്തഞ്ചേരി. സത്യത്തില്‍ പാട്ടെഴുതാനുള്ള ഒരു അതിസാഹസം. വിജയന്‍ കരോട്ടായിരുന്നു സംവിധായകന്‍. ആ ചിത്രവും ശ്രദ്ധ നേടാതെ വന്നതോടെ പാട്ടെഴുത്തില്‍ തിരക്കിലാകാനുള്ള മോഹം ഒന്നു തളര്‍ന്നു. ഹരിദാസിന്റെ ജോര്‍ജൂട്ടി കെയറോഫ്‌ ജോര്‍ജൂട്ടിയില്‍ തിരക്കഥയെഴുതാനാണ്‌ ഗിരീഷിനെ ആദ്യം നോക്കിയതെങ്കിലും തനിക്കതു പറ്റുന്നില്ലെന്നു പറഞ്ഞൊഴിഞ്ഞ ഗിരീഷ്‌ പുത്തഞ്ചേരിക്ക്‌ ആ പടത്തിലെ പാട്ടെഴുത്‌ കിട്ടി. ഒപ്പം ജീവിതം മാറ്റിമറിച്ചൊരു സുഹൃത്തിനെയും. അതു മറ്റാരുമല്ല, ആ ചിത്രത്തിന്റെ രചന നിര്‍വഹിച്ച രഞ്‌ജിത്‌.
ആ ചിത്രത്തില്‍ രണ്ടു പാട്ടുകള്‍. രണ്ടും പുതിയൊരു ഭാവുകത്വത്തിന്റെ വരവറിയിച്ചു. തന്റെ സിനിമാകാത്തിരിപ്പുകഥകൂടി അറിയാതെ സൂചിപ്പിക്കുന്നുണ്ട്‌ അതിലെ ഹിറ്റുഗാനത്തിന്റെ വരികളില്‍ പുത്തഞ്ചേരി. ഒരു പൊന്‍കിനാവിലേതോ കിളിപാടും കളഗാനം... നറുവെണ്ണിലാവിലീറന്‍മിഴിചാര്‍ത്തും ലയഭാവം... ചിരകാലമെന്റെയുള്ളില്‍ വിരിയാതിരുന്ന പൂവേ... നിന്‍പരിഭവംപോലുമെന്നില്‍.... സ്വയം വരും കവിതയായ്‌... ഇതായിരുന്നു ആ വരികള്‍. ജോണ്‍സണായിരിന്നു സംഗീതം. ചിത്രം വിജയിച്ചു. തിരക്കഥാകാരന്‍ രഞ്‌ജിത്തിനും നടന്‍ ജയറാമിനും ആ വിജയം ഗുണമേകിയെങ്കിലും ഗാനരചയിതാവിന്‌ അത്‌ വലിയ അവസരങ്ങളുടെ വാതില്‍ തുറന്നില്ല. താന്‍ തിരക്കഥയെഴുതുന്ന ചിത്രങ്ങളില്‍ രഞ്‌ജിത്‌ പുതിയ ഗാനരചയിതാവിനെ ശുപാര്‍ശ ചെയ്യാന്‍ മറന്നില്ല. പക്ഷേ, പലരും അതു വിശ്വാസത്തിലെടുത്തില്ല. ഒടുവില്‍ സംവിധായകന്‍ ജയരാജാണ്‌ രഞ്‌ജിത്തിനെ വാക്കുകേട്ടത്‌. അങ്ങനെ പുത്തഞ്ചേരിയുടെ ആദ്യത്തെ സൂപ്പര്‍താരസംഗമം. മമ്മൂട്ടിയുടെ ജോണിവാക്കറില്‍. ആ ചിത്രത്തിലെ ശാന്തമീരാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ... എന്നപാട്ട്‌ സൂപ്പര്‍ഹിറ്റായി. എസ്‌.പി.വെങ്കിടേഷായിരുന്ന സംഗീതം. പില്‍ക്കാലത്ത്‌ വന്‍സംഭവമായിമാറിയ പ്രഭുദേവയായിരുന്നു ആ പാട്ടിന്‌ കോറിയോഗ്രഫി നിര്‍വഹിച്ചത്‌. പുതിയ ഗാനരചയിതാവ്‌ ശ്രദ്ധേയനായി. പിന്നെ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടിവന്നില്ല ഗിരീഷ്‌ പുത്തഞ്ചേരി എന്ന ഗാനരചയിതാവിന്‌. രഞ്‌ജിത്ത്‌ തിരക്കഥയെഴുതിയ, സംവിധാനം ചെയ്‌ത ചിത്രങ്ങളില്‍ ഗിരീഷിന്റെ ഏറ്റവും നല്ല ഗാനങ്ങള്‍ പിറന്നു എന്നതും യാദൃച്ഛികം. ദേവാസുരത്തിലെ സൂര്യകിരീടം, ആറാം തമ്പുരാനിലെയും നരസിംഹത്തിലെയും നന്ദനത്തിലെയും മറ്റും പാട്ടുകള്‍ സമ്മര്‍ ഇന്‍ ബേദ്‌ലഹേമിലെയും കൃഷ്‌ണഗുഡിയിലെയും പാട്ടുകള്‍...
മലയാളി മറക്കാതെപാടുന്ന അനേകം ഗാനങ്ങള്‍ പുത്തഞ്ചേരിയില്‍നിന്നു വന്നു.
എളുപ്പവഴിയിലൂടെയല്ല ഗിരീഷ്‌ പുത്തഞ്ചേരി ഈ രംഗത്തു നിലയുറപ്പിച്ചത്‌. എണ്‍പതുകളുടെ അവസാനത്തില്‍ പുത്തഞ്ചേരി കടന്നുവരുമ്പോള്‍ ഗാനരചനാരംഗം വളരെ സജീവമായ ചില സാന്നിദ്ധ്യങ്ങളാല്‍ സമ്പന്നമായിരുന്നു. കിലുകില്‍പമ്പരവും മറ്റുമെഴുതി ബിച്ചുതിരുമല സൂപ്പര്‍സ്റ്റാറായി നില്‍ക്കുന്നു. പുതിയൊരു കാവ്യപാരമ്പര്യത്തിന്റെ കണ്ണിയുമായെത്തിയ കൈതപ്രം ജോണ്‍സണുമായി ഹിറ്റുജോഡി സൃഷ്‌ടിച്ചുവിലസുന്നു. ഒ.എന്‍.വി. പത്മപ്രഭചൊരിയുന്ന കാവ്യതേജസുമായി ഉയര്‍ന്നുനില്‌ക്കുന്നു. തുടര്‍ച്ചയായി പുരസ്‌കാരങ്ങള്‍ നേടുന്നു. മെയ്‌മാസപ്പുലരിയും മറ്റുമെഴുതി പി.ഭാസ്‌കരനും തൂവാനത്തുമ്പികളും മൂന്നാംപക്കവുമെഴുതി ശ്രീകുമാരന്‍ തമ്പിയും പഴയ തലമുറ തളര്‍ന്നിട്ടില്ലെന്നു തെളിയിച്ചുനില്‌ക്കുന്നു. ഇതിനിടെ പാവക്കൂത്തുപോലുള്ള മനോഹരഗാനങ്ങളുമായ കെ.ജയകുമാര്‍, നീലഗിരിയിലെയും സസ്‌നേഹത്തിലെയും സുന്ദരവരികളുമായി പി.കെ.ഗോപി, എം.ഡി.രാജേന്ദ്രന്‍ തുടങ്ങിയ പുതുതലമുറ ഒരു വിജയപാതയ്‌ക്കായി ശ്രമിക്കുന്നു. ദശരഥത്തിലെ പാട്ടുമായി പൂവച്ചല്‍ ഖാദറും തിളങ്ങിനില്‌ക്കുന്നു. എന്റെ പൊന്നുതമ്പുരാനിലെ സുഭഗേയും മാഘമാസവുമായി തുടക്കം കുറിച്ച വയലാറിന്റെ പൊന്നോമനപ്പുത്രന്‍ ശരത്‌ചന്ദ്രവര്‍മയും ഒരു തുടര്‍ച്ച സ്വപ്‌നംകാണുന്നു. ധ്വനിയിലെ മുഴങ്ങുന്ന പാട്ടുകളുമായ യൂസഫലി കേച്ചേരിയും സാന്നിദ്ധ്യമറിയിച്ചുനില്‌ക്കുന്നു. ഇത്രയും വലിയ ട്രാഫിക്കിലൂടെയാണ്‌ സത്യത്തില്‍ എഴുത്തിലെ തെളിമകൊണ്ടുമാത്രം ഗിരീഷ്‌ പുത്തഞ്ചേരി പിടിച്ചുകയറിയത്‌. പുതിയ ഭാഷയും പുതിയ ശൈലിയും പുതിയ ഭാവുകത്വവും തന്നെയായിരുന്നു പുത്തഞ്ചേരിയുടെ ഗാനങ്ങളെ നവാനുഭവമാക്കിമാറ്റിയത്‌.
തുടക്കംതൊട്ടുതന്നെ വിമര്‍ശങ്ങളും പുത്തഞ്ചേരിയുടെ പാതയില്‍ വിഘാതം സൃഷ്‌ടിച്ചിരുന്നു. ആദ്യത്തെ ഹിറ്റുഗാനമായ ശാന്തമീരാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ എന്ന പാട്ടിനെ വാദ്യഘോഷങ്ങളേ കൊണ്ടുവരാനാകൂ, ആദികള്‍ കൊണ്ടുവരാനാവില്ലെന്നുപറഞ്ഞാണ്‌ വിമര്‍ശകര്‍ എതിരേറ്റത്‌. ബ്രേക്ക്‌ത്രൂ ആയ സൂര്യകിരീടം വീണുടഞ്ഞുവിലെ ഇനിയൊരു ജന്മം വീണ്ടും തരുമോ എന്നതും ശൈലീഭംഗമെന്ന വിമര്‍ശത്തിനിരയായി. ഇനിയും, വീണ്ടും എന്ന ആവര്‍ത്തനമാണ്‌ വിമര്‍ശകരെ ചൊടിപ്പിച്ചത്‌. ചന്ദ്രലേഖയിലെ ഒന്നാംവട്ടംകണ്ടപ്പോഴത്തെ കിണ്ണാണ്ടവും മിന്നാരത്തിലെ പുന്നാരംകിന്നാരം ചിരിച്ചുകൊഞ്ചുന്ന പോലുള്ള പാട്ടുകളും വിമര്‍ശിക്കപ്പെട്ടു. പക്ഷേ, ഇതെല്ലാം സിനിമയുടെ രസതന്ത്രത്തില്‍ പെടുന്നതാണെന്നു വ്യക്തമായറിയാവുന്ന പുത്തഞ്ചേരി വിമര്‍ശങ്ങളെ മികച്ച രചനകള്‍ കൊണ്ടാണു കീഴടക്കിയത്‌. വരമഞ്ഞളാടിയ രാവിന്റെ മാറിലും (പ്രണയവര്‍ണ്ണങ്ങള്‍) പിന്നെയും പിന്നെയും ആരോ കിനാവിന്റെയും (കൃഷ്‌ണഗുഡി) നിലാവിന്റെ നീലഭസ്‌മക്കുറിയും (അഗ്നിദേവന്‍) മച്ചകത്തമ്മയും (ചിന്താവിഷ്‌ടയായ ശ്യാമള) പാടീ, തൊടിയിലേതോയും (ആറാംതമ്പുരാന്‍) തങ്കത്തിളക്കമുള്ള രചനകളായി.
ഏതുതരം പാട്ടിനും വഴങ്ങുന്ന വരികളും വാക്കുകളും മനസ്സില്‍ക്കൊണ്ടുനടന്ന, ശബ്‌ദതാരാവലിയായിരുന്നു പുത്തഞ്ചേരിയുടെ മനസ്സ്‌. ഹരിമുരളീരവം പോലെയൊരു പാട്ടെഴുതാന്‍ അഞ്ചുനിമിഷമേ വേണ്ടിവന്നുള്ളൂ എന്നത്‌ വിസ്‌മയകരമായ ആ സത്യത്തിന്‌ അടിവരയിടുന്നു. ഭാരതീയവും കേരളീയവുമായ കാവ്യപാരമ്പര്യത്തിന്റെ നേരവകാശിയായ ഗാനരചയിതാവുതന്നെയായിരുന്നു അദ്ദേഹം. കേരളീയമായ പ്രതീകങ്ങളും ബിംബങ്ങളും നിറഞ്ഞ ശുദ്ധവും ലളിതവുമായ ആ ശൈലി അനന്യമാണെന്ന്‌ ഈ പുഴയുംകടന്നിലെ നാഴിയില്‍ മുളനാഴിയില്‍ ഗ്രാമം നന്മമാത്രം അളക്കുന്നു പോലെയുള്ള വരികള്‍ തെളിവാണ്‌.
പുത്തഞ്ചേരിയെക്കുറിച്ചുള്ള ഈ കുറിപ്പ്‌ ചില കൗതുകങ്ങളും കൂടി പങ്കുവയ്‌ക്കാതെ അവസാനിപ്പിക്കാനാവില്ല. തിരക്കഥാകൃത്തുകൂടിയായ അപൂര്‍വം ഗാനരചയിതാക്കളിലൊരാളാണ്‌ ഗിരീഷ്‌ പുത്തഞ്ചേരി. അദ്ദേഹം തുടക്കകാലത്ത്‌ ബ്രഹ്മരക്ഷസ്സിനു തിരക്കഥയെഴുതി. പിന്നെ, വര്‍ഷങ്ങള്‍ക്കുശേഷം മേലേപ്പറമ്പില്‍ ആണ്‍വീടിനു കഥയെഴുതി. കിന്നരിപ്പുഴയോരത്തിന്‌ പ്രിയദര്‍ശന്റെ കഥയ്‌ക്കു തിരക്കഥയും സംഭാഷണവും രചിച്ചു. മമ്മൂട്ടി നായകനായ പല്ലാവൂര്‍ ദേവനാരായണനും മോഹന്‍ലാല്‍ നായകനായ വടക്കുന്നാഥനും കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി. ഒരു ചിത്രം രചന നിര്‍വഹിച്ച്‌ സംവിധാനം ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നു. വടക്കുന്നാഥന്റെ തിരക്കഥ പുസ്‌തകമായിട്ടുണ്ട്‌.
എ.ആര്‍.റഹ്‌മാന്റെ ഈണത്തില്‍ മണിരത്‌നം ദില്‍സേ എന്ന ചിത്രത്തില്‍ ദിയാജലേ എന്ന പാട്ടൊരുക്കിയപ്പോള്‍ അതില്‍ അല്‌പം മലയാളം വരികളുള്ളത്‌ എഴുതാന്‍ ഗിരീഷ്‌ പുത്തഞ്ചേരിയെയാണു വിളിച്ചത്‌. അതിലെ കുക്കുരുകുരുകുരു.... എന്ന വരികള്‍ ഗിരീഷിന്റേതാണ്‌. മറ്റു ഗാനരചയിതാക്കളെ പ്രത്സാഹിപ്പിക്കാന്‍ അദ്ദേഹം മടികാട്ടിയിട്ടില്ല. സര്‍ക്കാര്‍ ദാദയിലെ ഒരു ഈണംകേട്ടിട്ട്‌ ഇതെഴുതാന്‍ തന്നേക്കാള്‍ യോഗ്യന്‍ ബീയാര്‍ പ്രസാദാണെന്നു ശുപാര്‍ശ ചെയ്‌തു, പുത്തഞ്ചേരി. അങ്ങനെ ആ പാട്ട്‌ ബീയാര്‍ പ്രസാദാണ്‌ എഴുതിയത്‌. അതുപോലെ, മറ്റൊരു ഗാനരചയിതാവ്‌ പകര്‍ന്ന ഈണത്തില്‍ വാക്കുകള്‍ പകര്‍ന്ന ഭാഗ്യവും പുത്തഞ്ചേരിക്കുണ്ട്‌. കൈക്കുടന്നനിലാവിനുവേണ്ടി കൈതപ്രം ഈണവും പുത്തഞ്ചേരി രചനയും നിര്‍വഹിച്ചതാണ്‌ അങ്ങനൊരു അപൂര്‍വകൂട്ടുകെട്ടിനു വഴിതെളിച്ചത്‌.
മലയാളസിനിമയ്‌ക്ക്‌ ഇത്‌ ശോകകാലമാണ്‌. വിയോഗകാലം. മഹാപ്രതിഭകളുടെ വിയോഗം നികത്താനാവാത്ത വിടവ്‌ അക്ഷരാര്‍ത്ഥത്തില്‍ സൃഷ്‌ടിക്കുകയാണ്‌. വലംകൈയാല്‍ ഗംഗേയും ഹരിമുരളിരവവും ഇടങ്കയ്യാല്‍ ഒന്നാംവട്ടം കണ്ടപ്പോഴും ബുദ്ധിയാല്‍ അക്ഷരനക്ഷത്രം കോര്‍ത്ത ജപമാലയും ഹൃദയം കൊണ്ട്‌ പിന്നെയും പിന്നെയും ആരോ കിനാവിന്റെയും ഒക്കെ എഴുതാന്‍ കഴിവുള്ള മറ്റൊരു ഗിരീഷ്‌ പുത്തഞ്ചേരി ഇനിയുണ്ടാവില്ല. പാട്ടെഴുത്തില്‍ വിലാസലോലുപമായ ആ തൂലിക ഇനിയില്ല. ഒരേസമയം ധൂര്‍ത്തനും പിശുക്കനുമായിരുന്ന ആ വാഗ്‌സമര്‍ത്ഥന്‍ ഇനി ഒരുപാട്ടും കുറിക്കില്ല.

മരണത്തിനു മായ്‌ക്കാനാകാത്ത മന്ദഹാസം



വര്‍ത്തമാനകാല മലയാളസിനിമയില്‍ സജീവമായിരുന്നവരില്‍ പ്രായംകൊണ്ടല്ലെങ്കിലും അനുഭവംകൊണ്ട്‌ ഏറ്റവും സീനിയറായിരുന്നു കൊച്ചിന്‍ ഹനീഫ. ഇന്നത്തെ മിക്കവാറും എല്ലാ പ്രശസ്‌തനടീനടന്മാരേക്കാളും സംവിധായകരേക്കാളും സാങ്കേതികപ്രവര്‍ത്തകരെക്കാളും നേരത്തേ സിനിമയില്‍ പ്രവേശിച്ചയാളാണു കൊച്ചിന്‍ ഹനീഫ. കെ.പി.എ.സി. ലളിതയെയും പറവൂര്‍ ഭരതനെയും ജഗതി ശ്രീകുമാറിനെയും ഐ.വി.ശശിയെയും പോലെ അപൂര്‍വം പേരേ ഹനീഫയോടൊപ്പമോ അതിലധികമോ ചലച്ചിത്രാനുഭവമുള്ളവരായി കാണുകയുള്ളൂ. ആ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒറ്റയാനായി ബാക്കിയുണ്ടായിരുന്ന, അഭിനയത്തിന്റെ ഒരു തലമുറയുടെ അവസാനകണ്ണിയാണു വിടപറഞ്ഞതെന്നുതന്നെ പറയേണ്ടിവരും.
എഴുപതുകളുടെ രണ്ടാംപാതിയില്‍, അതായത്‌, എണ്‍പതുകളുടെ തുടക്കത്തോടെ ഇന്നത്തെ മലയാള സിനിമാലോകം പിറവിയെടുക്കുന്നതിനു മുന്‍പുതന്നെ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്കു കൊച്ചിന്‍ ഹനീഫ കടന്നുവന്നു. എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യവും മലയാളസിനിമ നടനരംഗത്തും സാങ്കേതികരംഗത്തും മാറ്റങ്ങള്‍ക്കു വശംവദമാകുന്ന വേളയില്‍ രണ്ടു രംഗത്തും സാന്നിദ്ധ്യമായിരുന്നു, ഹനീഫ.

ജോഷിയുമായുണ്ടായ മനപ്പൊരുത്തമാണ്‌ ഹനീഫ എന്ന നടനെയും എഴുത്തുകാരനെയും സംവിധായകനെയും വളര്‍ത്തിയതെന്നു പറയാം. ഇതിഹാസം മുതല്‍ സന്ദര്‍ഭം വരെയുള്ള സിനിമകള്‍ക്ക്‌ രചനാ-സംവിധാനപങ്കാളിത്തമായ ഈ കൂട്ടുകെട്ട്‌ അന്നത്തെ ശക്തമായ ടീമായിരുന്നു. ജയന്‍ നായകനായ മൂര്‍ഖനില്‍ മുഴുനീളവും തത്തുല്യവുമായ വേഷമഭിനയിക്കാന്‍ ജോഷി കൊച്ചിന്‍ ഹനീഫയ്‌ക്കു നല്‌കിയ അവസരമാണ്‌ നടനെന്ന നിലയില്‍ അദ്ദേഹത്തെ വളര്‍ത്തിയത്‌. തുടര്‍ന്ന്‌ വില്ലന്‍വേഷങ്ങളാണ്‌ കൊച്ചിന്‍ ഹനീഫ കൂടുതലും കൈകാര്യം ചെയ്‌തിരുന്നത്‌. താന്‍തന്നെ സംവിധാനം ചെയ്‌ത മൂന്നുമാസങ്ങള്‍ക്കുമുന്‍പിലെ വില്ലന്‍വേഷം അക്കൂട്ടത്തില്‍ മികച്ചുനില്‍ക്കുന്നു. സ്‌ത്രീപ്രേക്ഷകര്‍ക്ക്‌ വെറുപ്പുതോന്നുന്ന, അതിക്രൂരനായ വില്ലനായാണ്‌ അക്കാലത്ത്‌ അദ്ദേഹം അഭിനയിച്ചിരുന്നത്‌.
കുടുംബസിനിമകള്‍ക്കാണ്‌ അദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ചത്‌. എണ്‍പതുകളുടെ അവസാനം ലോഹിതദാസിന്റെ രചനയില്‍ വാത്സല്യം എന്ന ചിത്രം ചെയ്‌തതോടെ അദ്ദേഹം സംവിധാനവും അവസാനിപ്പിച്ചു. അതിനു മുന്‍പുതന്നെ തമിഴിലും തൊഴില്‍ അഭിനയം മാത്രമാക്കിയിരുന്നു. മലയാളത്തില്‍ താന്‍ ചെയ്‌ത ചിത്രങ്ങള്‍ തന്നെയാണ്‌ പാടാത തേനികളായും പാശപറവൈകളായും മറ്റും അദ്ദേഹം തമിഴില്‍ ചെയ്‌തത്‌. അവയ്‌ക്ക്‌ തിരക്കഥ രചിച്ചത്‌ ശക്തനായ കരുണാനിധിയായിരുന്നു.
അഭിനയകാര്യത്തില്‍ അദ്ദേഹത്തിന്‌ ശക്തമായ പിന്തുണ നല്‌കിയിരുന്നത്‌ രണ്ടു സംവിധായകരാണ്‌. പ്രിയദര്‍ശനും ജോഷിയും. ജോഷി അദ്ദേഹത്തിലെ വില്ലനിസത്തെ ഉപയോഗപ്പെടുത്തിയപ്പോള്‍ പ്രിയന്‍ ക്യാരക്‌ടര്‍ വേഷങ്ങള്‍ ചെയ്യാനുള്ള പ്രാഗത്ഭ്യത്തെയാണ്‌ ഉപയോഗപ്പെടുത്തിയത്‌. രാക്കുയിലിന്‍ രാഗസദസ്സില്‍ പോലെയുള്ള ചിത്രങ്ങളില്‍ പ്രിയന്‍ ക്യാരക്‌ടര്‍ വേഷം നല്‌കി.
അദ്ദേഹത്തിന്റെ അഭിനയജീവിതത്തില്‍ മാറ്റം വരുത്തിയ ലോഹിതദാസ്‌ - സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ഹൈദ്രോസ്‌ എന്ന കഥാപാത്രമാണ്‌. കിരീടത്തിലല്ല, ചെങ്കോലില്‍ ആ ഹൈദ്രോസ്‌ നടത്തിയ പ്രകടനമാണ്‌ ഹനീഫയിലെ ഹാസ്യനടനെ രംഗത്തവതരിപ്പിച്ചത്‌. തുടര്‍ന്ന്‌ മാന്നാര്‍ മത്തായി സ്‌പീക്കിംഗിലെ എല്‍ദോസ്‌ എന്ന കഥാപാത്രവും വന്നു. തുടര്‍ന്ന്‌ കൊച്ചിന്‍ ഹനീഫ അല്‌പം ടൈപ്പു ചെയ്യപ്പെടുകയുണ്ടായി. എല്ലാ സിനിമകളിലും മാന്നാര്‍ മത്തായിയിലെപ്പോലെ ഒരു ഓട്ടം നിര്‍ബന്ധമായിത്തീര്‍ന്നു. അപ്പോഴും തമിഴ്‌സിനിമകളില്‍ അദ്ദേഹം വ്യത്യസ്‌ത്യങ്ങളായി വേഷങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. മഹാനദി എന്ന കമല്‍ഹാസന്‍ ചിത്രത്തില്‍ വില്ലന്‍വേഷമാണ്‌ അദ്ദേഹത്തെ തമിഴില്‍ പ്രശസ്‌തനാക്കിയത്‌.
തമാശവേഷങ്ങളില്‍, പലപ്പോഴും വിഡ്‌ഢിവേഷങ്ങളില്‍ അഭിനയിക്കുമ്പോഴും, ജോഷി അദ്ദേഹത്തിന്‌ വ്യത്യസ്‌തങ്ങളായ വില്ലന്‍വേഷങ്ങളാണു നല്‌കിയിരുന്നത്‌. ദുബായ്‌യിലെ വില്ലന്‍ അതിനൊരുദാഹരണമാണ്‌. തമാശനടനെന്ന മുദ്രകുത്തപ്പെട്ടിരിക്കുമ്പോഴാണ്‌ രക്തക്കറ പുരണ്ട ചിരിയുമായി ആ ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ തകര്‍ത്താടിയത്‌.
സൗഹൃദങ്ങളുടെ തമ്പുരാനായിരുന്നു ഹനീഫ. പരിചയപ്പെട്ട ഒരാളെപ്പോലും അദ്ദേഹം പിരിഞ്ഞിട്ടില്ല. എല്ലാവരും വലിയ ആളുകള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്‌, കമല്‍ഹാസന്‍, പ്രിയദര്‍ശന്‍, ജോഷി, കരുണാനിധി, ശിവാജി ഗണേശന്‍... അദ്ദേഹത്തിന്റെ സുഹൃദ്‌നിരയില്‍ താരങ്ങള്‍ അനേകരാണ്‌. മലയാളത്തിലെ മിക്ക വന്‍താരങ്ങളുടെയും വളര്‍ച്ച അടുത്തുനിന്നു നോക്കിക്കണ്ട ആളാണു ഹനീഫ. അപ്പോഴും 1980ല്‍ സ്‌ഫോടനത്തിന്റെ സെറ്റില്‍ വച്ച്‌ മമ്മൂട്ടിയെന്ന പുതിയ താരത്തിനോട്‌ അനുഭാവപൂര്‍വം സംസാരിച്ച മനുഷ്യസ്‌നേഹി അദ്ദേഹത്തില്‍നിന്നു മാഞ്ഞിരുന്നില്ല.
വില്ലനായിരിക്കുമ്പോഴും വിഡ്‌ഢിവേഷം കെട്ടുമ്പോഴുമെല്ലാം അദ്ദേഹത്തില്‍ ഒരു ചിരി ഉണ്ടായിരുന്നു. ചിലപ്പോള്‍ ക്രൂരഹാസം; ചിലപ്പോള്‍ വിഡ്‌ഢിച്ചിരി. സിനിമയ്‌ക്കു പുറത്തുവച്ചുള്ള എല്ലാ ഫോട്ടോകളിലും അദ്ദേഹത്തില്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്‌തമായ മന്ദഹാസം ഉണ്ടായിരുന്നു. നന്മയുള്ള ഒരു മന്ദഹാസം. ആ മന്ദഹാസത്തെ മായ്‌ക്കാന്‍ സാധിക്കുന്ന കാര്യത്തില്‍ മരണം ദുര്‍ബലമാണ്‌.