Sunday, February 14, 2010

ഡിറ്റക്ടീവ്‌ ശിവ്‌ശങ്കര്‍ പെരുമാളും ജിതേന്ദ്ര കാശ്യപ്‌ പുജാരയും തമ്മില്‍ സംസാരിക്കുന്നു...
രാഹുലിനെത്തേടി യാത്രയാകും മുമ്പ്‌ പെരുമാളിന്‌ തന്റെ മുന്‍ തലവന്‍ പുജാരയെ അത്യാവശ്യമായി ഒന്നു ഫോണ്‍ ചേയ്യേണ്ടി വന്നു. തന്റെ കേസിന്റെ കാര്യത്തില്‍ പുജാരയടക്കം തന്റെ പരിചയവലയത്തിലുള്ള ഉന്നതന്നന്മാരെ ഒരാളെപ്പോലും, നിവൃത്തിയുള്ളപക്ഷം താന്‍ ആശ്രയിക്കുകയോ ബുദ്ധിമുട്ടിക്കുയോ ഇല്ലെന്ന്‌ പെരുമാള്‍ ആദ്യം തന്നെ കരുതിയിരുന്നു. അതുകൊണ്ടാണ്‌ കേസ്‌ തുടങ്ങി ഇത്രയും ദിവസമായിട്ടും അയാള്‍ പുജാരയെ വിളിച്ച്‌ വിശദാംശങ്ങളൊന്നും ചര്‍ച്ച ചെയ്യുക പോലും ചെയ്യാതിരുന്നത്‌. പിന്നെ, വിചിത്രമായ ഒരു സംഗതി എന്ന്‌ പുജാരയും മറ്റും എടുത്തെടുത്തുപറഞ്ഞിട്ടും ഒരു മൊബൈല്‍ഫോണ്‍ കയ്യില്‍ ക്കരുതാത്ത തന്റെ ദുശ്ശീലം മൂലം പുജാരയ്‌ക്കെന്നല്ല, ഒരാള്‍ക്കും തന്നെ ബന്ധപ്പെടാനാവില്ലല്ലോ. അത്‌ പെരുമാളിന്റെ ഒരു തീരുമാനമായിരുന്നു. ഒന്നും തന്നെ ആരും അറിയിക്കുകയല്ല, വേണ്ടത്‌. താന്‍ അറിയുകയാണ്‌. അതുപോലെ ഏതെങ്കിലും വിവരങ്ങളും തെളിവുകളും തന്നെ തേടിവരികയല്ല വേണ്ടത്‌, താനവയെ തേടിച്ചെല്ലുകയാണ്‌ വേണ്ടത്‌. അതേ, പെരുമാളിനെ ആരും വിളിക്കേണ്ട... പെരുമാള്‍ വിളിച്ചുകൊള്ളാം ആളുകളെ, പെരുമാളിന്‌ അവരെ ആവശ്യമുണ്ടാകുന്ന പക്ഷം.
ഇങ്ങനെയൊക്കെ കരുതിയിരുന്നെങ്കിലും, പെരുമാളിന്‌ ഒരു സന്ദേശമനുസരിച്ച്‌, പെട്ടെന്ന്‌ പുജാരയുമായി ഫോണില്‍ ബന്ധപ്പെടേണ്ടി വന്നു. കാരണം, തന്റെ ഇ-മെയില്‍ അഡ്രസില്‍ വല്ല സന്ദേശങ്ങളുമുണ്ടോ എന്ന്‌ പെരുമാള്‍ ഒരു ബ്രൗസിംഗ്‌ സെന്ററില്‍ കയറിയിരുന്ന്‌ പരിശോധിക്കുകയായിരുന്നു. അങ്ങനെ പെട്ടെന്ന്‌ ഒന്ന്‌ ബ്രൗസിംഗ്‌ സെന്ററില്‍ കയറാനും ഒരു കാരണമുണ്ട്‌. അന്ന്‌ സൊനാലി തന്റെ കയ്യില്‍ നിന്ന്‌ അവസാനനിമിഷം ഇ-മെയില്‍ അഡ്രസ്‌ വാങ്ങിയതിന്‌ എന്തോ പ്രത്യേക ഉദ്ദേശ്യമുണ്ടെന്ന്‌ പെരുമാള്‍ ഉറച്ചുവിശ്വസിച്ചിരുന്നു. ഇന്നല്ലെങ്കില്‍ നാളെ, തന്നെത്തേടി ആകാശത്തു നിന്ന്‌ വിചിത്രവും നിര്‍ണായകുമായ ഒരു അജ്ഞാതസന്ദേശം വന്നെത്താരിക്കില്ലെന്നും പെരുമാള്‍ വിശ്വസിച്ചു.
അതുകൊണ്ട്‌ ഇടയ്‌ക്കെല്ലാം ഇ-മെയില്‍ ചെക്കുചെയ്യുന്ന കാര്യത്തില്‍ ഉപേക്ഷ വരുത്തരുതെന്നും പെരുമാള്‍ തീരുമാനിച്ചിരുന്നു.
പ്രതീക്ഷിച്ചിരുന്ന സന്ദേശങ്ങളൊന്നും തന്നെ പെരുമാളിന്റെ മെയില്‍ ബോക്‌സില്‍ അടിഞ്ഞിരുന്നില്ല. പക്ഷേ, പുജാരയുടെ അഡ്രസില്‍ നി ന്നുള്ള സന്ദേശം കണ്ടപ്പോള്‍, പെരുമാള്‍ അതു തുറന്നുനോക്കി. മറ്റൊ ന്നും ഉണ്ടായിരുന്നില്ല. രണ്ടു വാക്യങ്ങള്‍ മാത്രം.
എന്നെ വിളിക്കുക, ഉടന്‍ തന്നെ... -പുജാര
മെയില്‍ സൈറ്റില്‍ നിന്ന്‌ സൈന്‍ ഔട്ടു ചെയ്‌ത്‌ പുറത്തിറങ്ങിയ പെരുമാള്‍ ഒഴിഞ്ഞ ഒരു ബൂത്തില്‍ക്കയറി, പുജാരയുടെ മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്‌തു. മുംബൈയില്‍ നിന്നുള്ള നമ്പര്‍ കണ്ടതുകൊണ്ടാകണം, സൗഹൃദശബ്‌ദത്തിലാണ്‌ പുജാര, അഭിവാദനം ചെയ്‌തതുപോലും.
??പെരുമാളാണ്‌ സര്‍...??, പെരുമാള്‍ ശബ്‌ദം താഴ്‌ത്തി അറിയിച്ചു.
??ഞാനൂഹിച്ചു...,'' മറുതലയ്‌ക്കല്‍ നിന്ന്‌ പുജാരയുടെ ശബ്‌ദം ഒഴുകിയെത്തി, ഒരത്യാവശ്യകാര്യം പെരുമാളിനെ അറിയിക്കാനാണ്‌ ഞാന്‍ വിളിക്കാന്‍ പറഞ്ഞത്‌...??
ഒന്നുനിര്‍ത്തി പുജാര തുടര്‍ന്നു, ??ഞാന്‍ പറയാന്‍ പോകുന്ന കാര്യം പെരുമാളിന്‌ അത്ര സുഖകരമായിരിക്കില്ലെന്ന്‌ എനിക്ക്‌ സംശയമുണ്ട്‌. ഒരു പക്ഷേ, ഞാന്‍ തന്നെ നിര്‍ബന്ധിച്ചിട്ട്‌ ചാടിപ്പുറപ്പെട്ട ഈ കേസിലെ അന്വേഷണം പാടേ അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങേണ്ടിപ്പോലും വന്നേക്കാം...??
??സാര്‍ കാര്യം പറയൂ,'' പെരുമാള്‍ പറഞ്ഞു, ``മുഖവുര ആവശ്യത്തിലധികമായി...??, തന്റെ ജിജ്ഞാസയെ ഒരു ഫലിതം കൊണ്ട്‌ പെരുമാള്‍ മറച്ചു.
??ഓക്കേ പെരുമാള്‍... ഞാന്‍ കാര്യത്തിലേക്ക്‌ വരാം. സംഗതിയെന്തെന്നുവച്ചാല്‍, എനിക്ക്‌ ഈയിടെ രഹസ്യന്വേഷണവിഭാഗത്തിലെ ഒരടുപ്പക്കാരനില്‍ നിന്ന്‌ കിട്ടിയ വിവരമാണ്‌. മുംബൈയിലെ നിരവധി തിരോധാനങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സിക്കും വല്ലാത്ത തലവേദന സൃഷ്‌ടിക്കുന്നത്‌ തടയാന്‍, അല്ലെങ്കില്‍ തല്‍ക്കാലം അതില്‍ നിന്നൊന്നു തലയൂരാന്‍ ഒരു ശ്രമം നടക്കുന്നുവത്രേ. മറ്റൊന്നുമല്ല, ഈയടുത്ത കാലത്ത്‌ ഉണ്ടായതും ആസന്നഭാവിയില്‍ സര്‍ക്കാരുകള്‍ക്ക്‌ പ്രശ്‌നം സൃഷ്‌ടിക്കാന്‍ ഇടയുള്ളതുമായ ചില തെളിയിക്കപ്പെടാത്ത തിരോധാനക്കേസുകളെങ്കിലും ഈയിടെ മുംബൈയിലുണ്ടായ വമ്പന്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങാന്‍ പോകുന്നു...??
??സര്‍, ``പെരുമാള്‍ പുജാരയുടെ വാക്കുകളെ തടസ്സപ്പെടുത്തി,'' എനി ക്കു മനസ്സിലാകുന്നില്ല, സാര്‍ പറഞ്ഞുവരുന്നത്‌...??
??അതുതന്നെ പെരുമാള്‍, പ്രളയത്തില്‍ മരിച്ചവരുടെ ഒരു ഔദ്യോഗികപ്പട്ടിക ഉണ്ടായിവരുന്നുണ്ട്‌. ഒരു ഔദ്യോഗികരേഖ. അതില്‍ പ്രളയത്തില്‍ മരിച്ചവര്‍ക്കു പുറമേ, ഈയടുത്ത കാലത്ത്‌ തിരോധാനം ചെയ്‌ത പലരുടേയും പേരുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ പെരുമാള്‍ നമ്മള്‍ അദ്‌ഭുതപ്പെടേണ്ടതില്ല...??
??ഓഹോ...?? അങ്ങനെ പറയുമ്പോള്‍ പെരുമാള്‍ വല്ലാത്ത ആശയസംഘര്‍ഷം അനുഭവിക്കുന്നുണ്ടായിരുന്നു.
??എന്നുവച്ച്‌ ആ പട്ടികയില്‍ കാണാന്‍ സാധ്യതയുള്ള മിസ്സിംഗ്‌ കേ സില്‍പ്പെട്ട എല്ലാവരുടെയും കാര്യത്തില്‍ എന്തെങ്കിലും കൃത്രിമം നടന്നു എന്നു പറയാന്‍ കഴിയില്ല പെരുമാള്‍. ചിലപ്പോള്‍, ചിലര്‍ യഥാര്‍ഥത്തില്‍ ത്തന്നെ പ്രളയത്തില്‍പ്പെട്ടു തന്നെ മരിച്ചതാകാം. കാണാതായി എന്ന്‌ വച്ച്‌ അവര്‍ പ്രളയത്തില്‍പ്പെട്ടുകൂടാ എന്നില്ലല്ലോ. അതല്ലെങ്കില്‍ അവര്‍ വേറെവിടെങ്കിലും വച്ച്‌ കൊല്ലപ്പെടുകയും പിന്നീട്‌ ജീവിച്ചിരിക്കുന്ന ആരുടെയെങ്കിലും സഹായത്തോടെ പ്രളയത്തില്‍ ഒഴുക്കപ്പെട്ടതാകാം... ഇനി അതുമല്ലെങ്കില്‍, പ്രളയത്തില്‍പ്പെട്ടിട്ടേ ഉണ്ടാകില്ല. പക്ഷേ, കൊല്ലപ്പെട്ടിരിക്കാം... പക്ഷേ, പട്ടികയില്‍ ഒരു പേരായി...?? പുജാരയുടെ ശബ്‌ദത്തില്‍ രഹസ്യാത്മകത നിഴലിച്ചു.
??സര്‍... ഞാനന്വേഷിക്കുന്ന കേസിനെ സാറിപ്പറയുന്ന സംഗതികള്‍ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമോ?...?? പെരുമാള്‍ തിരക്കി.
??മിസ്റ്റര്‍ പെരുമാള്‍, ഒന്നു കൂടി ശബ്‌ദം കനപ്പിച്ച്‌ പുജാര നിര്‍ത്തിനിര്‍ത്തിപ്പറഞ്ഞു, ആ പട്ടികയില്‍ ശ്രദ്ധേയമായ ഒരുപേരുണ്ട്‌, വിജയ്‌ കാല്‍ക്കര്‍...??
??നോ...?? പെരുമാള്‍ ഓര്‍ക്കാതെ ഒച്ചയെടുത്തുപോയി. പിന്നെ, പെ ട്ടെന്ന്‌ പരിസരം ശ്രദ്ധിച്ച്‌. വികാരം നിയന്ത്രിച്ചു. ??സാര്‍, എന്താണീ പറയുന്നത്‌...??
??സത്യമാണ്‌ ഞാന്‍ പറഞ്ഞത്‌, അയാള്‍ മരിച്ചതാണോ എന്ന്‌ എനിക്ക്‌ ഉറപ്പു പറയാനാവില്ല. പ്രളയത്തില്‍ തന്നെ മരിച്ചതാണോ എന്നുപോലും പക്ഷേ, അയാള്‍ മരിച്ചെന്നുണ്ടെങ്കില്‍ ആ മരണത്തിനു പിന്നില്‍ നാം വിചാരിച്ചാല്‍ ഒന്നും ചെയ്യാനാകാത്ത ആളുകള്‍ക്കു പോലും താല്‌പര്യമുണ്ടെന്നുറപ്പ്‌. മാത്രമല്ല, മരിച്ചുകഴിഞ്ഞ രണ്ടുപേര്‍ക്കുവേണ്ടിയാണെങ്കില്‍ ഈ അന്വേഷണത്തില്‍ എന്തെങ്കിലും അര്‍ഥമുണ്ടോ പെരുമാള്‍...??
പെരുമാള്‍ ഒന്നും മിണ്ടിയില്ല. എന്താണ്‌ പറയേണ്ടതെന്ന്‌ പെട്ടെന്ന്‌ പെരുമാളിന്‌ രൂപമുണ്ടായിരുന്നില്ല.
പക്ഷേ, പെരുമാള്‍ മനസ്സില്‍ പറയുന്നുണ്ടായിരുന്നു, ഏതായാലും എന്റെ അന്വേഷണം ഞാന്‍ അവസാനിപ്പിക്കുന്നില്ല. അവരെ ജീവനോടെ ആ അമ്മയുടെ മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ കൊന്നവരെയെങ്കിലും കണ്ടുപിടിക്കാതെ എന്റെ അന്വേഷണം അവസാനിക്കുകയില്ല.
അങ്ങനെ മനസ്സില്‍ പറയുമ്പോഴും പെരുമാള്‍ ദൈവത്തോടൊന്നുമല്ലാതെ വെറുതെ പ്രാര്‍ഥിച്ചു, അങ്ങനെയാവരുതേ, ആ സഹോദരങ്ങള്‍ മരണത്തിന്‌ കീഴടങ്ങിയിട്ടുണ്ടാകരുതേ...

വായിക്കുക
സിറ്റി ഓഫ്‌ എം.
ഡിറ്റക്ടീവ്‌ ഫിക്ഷന്‍ - അന്‍വര്‍ അബ്ദുള്ള
മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. പേജ്‌ 159, വില 100 രൂപ

കാല്‍ക്കര്‍ സഹോദരന്മാരുടെ തിരോധാനത്തിനു പിന്നിലെ രഹസ്യങ്ങളന്വേഷിച്ചുതുടങ്ങുന്ന പെരുമാള്‍ എത്തിപ്പെടുന്നത്‌ തിരോധാനങ്ങളുടെ അധോലോകത്തിലാണ്‌. തിരോധാനങ്ങളുടെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ പിന്നിലെ രാഷ്ട്രീയപരത വിഷയമാകുന്ന ഡിറ്റക്ടീവ്‌ ത്രില്ലര്‍.

മാതൃഭൂമി സെയില്‍സ്‌ സെന്ററുകളിലും മറ്റും പ്രമുഖ പ്രസാധക ഔട്ട്‌ലെറ്റുകളിലും പുസ്‌തകം ലഭിക്കും.
മാതൃഭൂമി സെയില്‍സ്‌ സെന്ററുകള്‍
കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്‌, കോട്ടയം, കണ്ണൂര്‍, മലപ്പുറം, കൊല്ലം, കല്‍പ്പറ്റ, നെടുമ്പാശ്ശേരി വിമാനത്താവളം,
എറണാകുളം നോര്‍ത്ത്‌, ഷൊര്‍ണൂര്‍, ആലുവ (റെയില്‍വേ സ്‌റ്റേഷനുകള്‍)

4 comments:

 1. നന്നായിട്ടുണ്ട് അന്വർ ജി

  ReplyDelete
 2. പ്രിയ അന്‍വര്‍,
  രണ്ടു പുസ്തകങ്ങളും വായിക്കാന്‍ കഴിഞ്ഞില്ല.ഏതായാലും ആശംസകള്‍.നല്ല കവര്‍.
  ഇപ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ മേടിക്കുന്നതാണ്.

  ReplyDelete
 3. anwar..............sound good..........keep one copy of each book for me...........acko

  ReplyDelete
 4. അന്‍വര്‍ ഇവിടെ എത്തപ്പെടാന്‍ സാധിച്ചത് ഇപ്പോള്‍ ആണ് .പുസ്തകങ്ങള്‍ വാങ്ങാന്‍ ശ്രെമിക്കം

  ReplyDelete