
അങ്ങനെ പതിനൊന്നുമണികഴിഞ്ഞ് അന്‍പതു മിനിറ്റുകള്‍ ആയപ്പോള്‍ നൂര്‍ജഹാന്റെ ഫ്‌ളാറ്റിന്റെ സ്വീകരണമുറിയില്‍ എല്ലാവരും ഒത്തുചേര്‍ന്നു. അവര്‍ പതിനാറുപേര്‍. പെരുമാള്‍, അഡ്വക്കേറ്റ്, രചന, ഗോകുലദാസന്‍, കൃഷ്‌ണന്‍ നായര്‍, സുധാകരന്‍, തോമസ്, ഖാലിദ്, സുരേഷ്, സുഷമ, ജീവന്‍, സീനത്ത്, നൂര്‍ജഹാന്‍, ഇബ്രാഹിംകുട്ടി, പത്താംനിലയിലെ യുവഡോക്‌ടര്‍ റഹ്‌മാന്‍. പിന്നെ, അബുവും.
പെരുമാളിന്റെ നാടകീയമായ ഒരു മുഖവുരയോടെ അന്നത്തെ സംഭവഗതികള്‍ക്ക് നാന്ദികുറിക്കപ്പെട്ടു.
-പ്രിയപ്പെട്ടവരേ... നിങ്ങളില്‍ എല്ലാവര്‍ക്കും എന്നെ അറിയാം. ചിലര്‍ക്കറിയാവുന്നത് ഇന്‍വെസ്റ്റിഗേറ്റര്‍ എന്ന ക്രൈം ജേര്‍ണലിന്റെ കറസ്‌പോണ്ടന്റായാണ്... മറ്റുചിലര്‍ക്ക് അറിയാവുന്നത് അത്ര അപ്രശസ്‌തനല്ലാത്ത സ്വകാര്യ കുറ്റാന്വേഷകന്‍ ശിവ്‌ശങ്കര്‍ പെരുമാളായിട്ടും... രണ്ടാമത്തെ കൂട്ടര്‍ വിശ്വസിക്കുന്നതും അറിയുന്നതുമാണ് കൂടുതല്‍ ശരി...
അതുകേള്‍ക്കവേ, സുരേഷും സുഷമയും തോമസും നൂര്‍ജഹാനും സീനത്തും ജീവനും വിസ്‌മയിച്ച് മിഴികളുയര്‍ത്തി. അവര്‍ക്ക് അമ്പരപ്പു തോന്നുന്നുണ്ടായിരുന്നു. പെരുമാള്‍ തുടര്‍ന്നു.
-തെറ്റിദ്ധാരണ സൃഷ്‌ടിച്ചതിനു ക്ഷമ ചോദിക്കുന്നു. പെരുമാള്‍ എന്ന ഞാന്‍ ഈ കേസില്‍ ഇടപെട്ടത് പ്രതിയായി ഇപ്പോള്‍ തടവില്‍ക്കഴിയുന്ന രാജീവിന്റെ അച്ഛന്‍ അവശ്യപ്പെട്ടതിന്‍പ്രകാരമായിരുന്നെങ്കിലും അദ്ദേഹത്തോടു ഞാനൊരു വാക്കുപറഞ്ഞിരുന്നു. അന്വേഷണാവസാനം അദ്ദേഹത്തിന്റെ മകനാണ് പ്രതിയെന്നു കണ്ടെത്തിയാല്‍ അതാവും ഞാന്‍ വെളിപ്പെടുത്തുകയെന്ന്. ഈ നിമിഷവും അതിനുമാറ്റമില്ല. അങ്ങനെ വന്നാല്‍, എന്തുകൊണ്ട്, എങ്ങനെ തന്റെ മകനീ ദുഷ്‌പ്രവൃത്തി ചെയ്‌തു എന്നറിയുന്നതുതന്നെ അദ്ദേഹത്തിനു അല്‌പം ആശ്വാസമേകാതിരിക്കില്ല എന്നു ഞാന്‍ സ്വയം ആശ്വസിക്കുന്നു...
ഇനി നമുക്കു കാര്യക്രമത്തിലേക്കു കടക്കാം. ഇവിടെയിപ്പോള്‍ ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവരുംതന്നെയുണ്ട്. ആരുമാവശ്യപ്പെടാതെ പോലീസിനു മുന്നില്‍വന്ന് മൊഴിനല്‌കിയ മിസ്റ്റര്‍ ഇബ്രാഹിംകുട്ടി മുതല്‍ പോലീസിന്റെ നോട്ടത്തില്‍ വരാതിരിക്കാന്‍ ശ്രമിച്ചുവിജയിച്ച ഖാലിദ് വരെ. അസാന്നിദ്ധ്യം മൂന്നു പേരുടേതാണ്. യഥാക്രമം രാജീവ്, കാര്‍ത്തിക, പിന്നെ, ഇപ്പോള്‍ പേരു വെളിപ്പെടുത്താനാകാത്ത മറ്റൊരാള്‍. ഇവരില്‍ അവസാനത്തെ രണ്ടാളുകള്‍ ഇനി അവര്‍ക്കായി ഒഴിഞ്ഞുകിടക്കുന്ന കസേരകളില്‍ ഉപവിഷ്‌ഠരാകില്ല. എന്നാല്‍, രാജീവ് അസന്നിഹിതനായിരിക്കുമ്പോഴും അവനെ ഇവിടെ അത്യാവശ്യമുണ്ട്. ഔദ്യോഗികമായി പോലീസ് കസ്റ്റഡിയില്‍ക്കഴിയുന്ന അവനെ ഇവിടെ എത്തിക്കാനാവില്ലെന്നുമാത്രം. അതുകൊണ്ട് എന്റെ സഹചരനായ അബുവിനെ ആ സ്ഥാനത്ത് തല്‌ക്കാലം ഞാന്‍ പ്രതിഷ്‌ഠിക്കുകയാണ്. രസകരമായ ഒരു വസ്‌തുത ഇവിടെ അന്ന് ആ അരുംകൊല അരങ്ങേറുമ്പോള്‍, നിങ്ങളില്‍ പലരും അതില്‍ പങ്കാളികളായിരുന്നു. പലരും അറിഞ്ഞുകൊണ്ട്. ചിലര്‍ അറിയാതെ. ചിലര്‍ പരസ്‌പരധാരണയോടെ. ചിലര്‍ ആരുമറിയാതെ ദൈവത്തിന്റെ റോളില്‍ അജ്ഞാതദ്രഷ്‌ടാക്കളായി. നിങ്ങളില്‍ പലര്‍ക്കറിയാവുന്ന, പരസ്‌പരം അറിയാനിടയായിട്ടില്ലാത്ത ഖണ്‌ഡങ്ങള്‍ ചേര്‍ത്തുവച്ചാല്‍ ഒരു കഥയാകും. അന്നു നടന്ന സംഭവത്തിന്റെ ഏതാണ്ട് പൂര്‍ണ്ണതയോടടുത്തുനില്‌ക്കുന്ന ഒരു ഭാവചിത്രം. അതു പലകോണില്‍ നിന്നുകൊണ്ടു വിവരിക്കുകയാണു ഞാന്‍ ചെയ്യാന്‍ പോകുന്നത്. അതിലൊന്നു സത്യമായിരിക്കും. മറ്റെല്ലാം സത്യത്തോടടുത്തുനില്‌ക്കുന്ന കള്ളങ്ങളും. അതുപക്ഷേ, പ്രശ്‌നമില്ല, കാരണം, നമുക്കൊരൊറ്റ സത്യമേ ആവശ്യമുള്ളൂ. ഒരേയൊരു സത്യം. കുറ്റാന്വേഷണത്തില്‍മാത്രം സത്യം ആപേക്ഷികമല്ലെന്ന് ഏത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും സമ്മതിക്കാതിരിക്കുകയില്ല...
അന്നുരാത്രി ഏകദേശം പതിനൊന്നേമുക്കാലോടെ ഒരു പ്രീ പെയ്‌ഡ് ടാക്‌സിക്കാറില്‍ തീവണ്ടിയില്‍വച്ച് പരിചിതരായ കാര്‍ത്തികയും രാജീവും ഈ കെട്ടിടത്തിനു മുന്നില്‍ വന്നിറങ്ങി. കാര്‍ത്തികയ്‌ക്ക് രാജീവിനെ ഏതെങ്കിലുംവിധത്തില്‍ മുന്‍പരിചയമുണ്ടായിരുന്നോ എന്നു ഞാന്‍ പരിശോധിച്ചു. എന്നാല്‍, അവനെ അവള്‍ മുന്‍പ് ഒരുതവണയെങ്കിലും വിളിച്ചിരുന്നില്ലെന്ന് വ്യക്തമാണ്. ഇവിടെ തോമസിന്റെ മുന്നില്‍ വന്നിറങ്ങിയ അവര്‍ നേരേ ലിഫ്‌റ്റില്‍ക്കയറി. ആറാംനിലയില്‍ വന്നിറങ്ങി. തുടര്‍ന്നങ്ങോട്ട് രാജീവ് വരേണ്ടെന്ന് പറഞ്ഞു കാര്‍ത്തിക ഒറ്റയ്‌ക്കു ഫ്‌ളാറ്റിനുനേരേ കോറിഡോറിലൂടെ നടന്നു. അതിനിടയില്‍ അവര്‍ തമ്മില്‍ നമ്പരുകള്‍ കൈമാറി. താഴേക്കുപോകാനൊരുമ്പെട്ട രാജീവിന് കാര്‍ത്തികയെ പിരിയാന്‍ എന്തുകൊണ്ടോ മാനസികമായി സാധിച്ചില്ല. അവന്‍ ഒരിക്കല്‍ക്കൂടി മുകളിലേക്കുവരികയും അവളെ ഫോണ്‍ ചെയ്യുകയും ചെയ്‌തു. ഒരിക്കല്‍ക്കൂടി കാണണമെന്ന അവന്റെ അപേക്ഷ നിരസിച്ചുകൊണ്ട് അവള്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നു. ഈ ഫോണ്‍സംഭാഷണവും നടപ്പും തൊട്ടപ്പുറത്തെ ഫ്‌ളാറ്റുസമുച്ചയത്തിന്റെ ആറാംനിലയില്‍ മറ്റൊരാവശ്യത്തിന് അതേസമയത്തു വന്നുപെട്ട ഖാലിദ് തികച്ചും യാദൃച്ഛികമായി കാണുന്നുണ്ടെന്നതാണ് ഇതുവരെ ആരും അറിഞ്ഞിട്ടില്ലാത്ത രഹസ്യം. കാര്‍ത്തിക അവളുടെ മുറിയുടെ അടുത്തുള്ള വളവിനപ്പുറം വളയുന്നതുവരെ അയാള്‍ കണ്ടു. അവര്‍ മൂന്നാളും ഒരുമിച്ചു തീവണ്ടിയിലുണ്ടായിരുന്നതുകൊണ്ടാണ് കാര്‍ത്തികയെ കണ്ടപ്പോള്‍ ഖാലിദ് ശ്രദ്ധിച്ചത്. അവള്‍ മറഞ്ഞുകഴിഞ്ഞ് അല്‌പനേരം കഴിഞ്ഞപ്പോള്‍ രാജീവ് അതേ കോറിഡോറിലൂടെ അവള്‍ പോയ പാത പിന്തുടരുന്നത് അയാള്‍ കണ്ടു. അതയാള്‍ക്ക് വിസ്‌മയകരമായിരുന്നു. രാജീവിനും വളവിനപ്പുറം മറയുന്നത് അയാള്‍ കണ്ടു. അതിനുശേഷം, അല്‌പനേരം ഖാലിദ് ആ കെട്ടിടത്തിന്റെ വരാന്തയിലുണ്ടായിരുന്നില്ല. എട്ടുപത്തു മിനിറ്റുകള്‍ക്കുശേഷം ഖാലിദ് വീണ്ടും ആ വരാന്തയില്‍ വന്നു. അപ്പോള്‍ ഖാലിദ് കാണുന്നതെന്താണ്?... കാര്‍ത്തികയും രാജീവും തമ്മില്‍ ഈ കോറിഡോറില്‍ക്കിടന്ന് ബലാബലം നടത്തുന്നു. കാര്‍ത്തികയെ പിടിച്ചടക്കാന്‍ ശ്രമിക്കുകയാണ് രാജീവ്. അവള്‍ രക്ഷപ്പെടാന്‍ കുതറുകയും ബലം പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അവള്‍ക്ക് ശബ്‌ദമുയര്‍ത്താനാകാത്തവിധം അവനവളെ വാപൊത്തിയിരിക്കുന്നു. പെട്ടെന്ന്, അവള്‍ അവന്റെ പിടിവിടുവിച്ച് ഓടുന്നതില്‍ വിജയിച്ചു. അവന്‍ അവളുടെ പിന്നാലെ കുതിച്ചു. അവര്‍ കോറിഡോറിന്റെ മറച്ചുവരുകള്‍ക്കപ്പുറം മറഞ്ഞു.
ഖാലിദ് ശരിക്കും ഭയന്നുപോയി. ഖാലിദ് ആ അസമയത്ത് അവിടെയെത്തിയത് നിയമവിരുദ്ധമായ ഒരു കാര്യത്തിനാണ്. അതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായി ആളുകള്‍ അറിയുകയോ സന്ദര്‍ഭം വ്യത്യസ്‌തമാകുകയോ ചെയ്യുന്നതിനുമുന്‍പ് അയാള്‍ക്ക് അവിടെനിന്ന് കടന്നുകളയേണ്ടതുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കാനൊന്നും അന്നേരം അയാള്‍ക്കു തോന്നിയില്ല. കാരണം, രക്ഷിക്കാന്‍ ചെന്നാല്‍ ചിലപ്പോള്‍ താനാകും പെടുക... അതോടെ ഖാലിദ് അതിവേഗം ലിഫ്‌റ്റില്‍ താഴെയെത്തി. താഴെയെത്തിയപാടേ, ഖാലിദിന് ഒരോട്ടോ കിട്ടി. അതില്‍ നഗരത്തിലേക്കു പോകവേ, ആ റിട്ടേണ്‍ ട്രിപ് വാഹനം വഴിയില്‍ മറ്റൊരു യാത്രികനെക്കൂടി സ്വീകരിച്ചു. അത് അവനായിരുന്നു. രാജീവ്. കാര്‍ത്തികയെക്കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട രാജീവ്. അവന്‍ അതിനിടെ, പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ എടുക്കില്ലെന്നറിഞ്ഞുകൊണ്ട് വീണ്ടും കാര്‍ത്തികയ്‌ക്കു ഫോണ്‍ ചെയ്‌തു. രാജീവും ഖാലിദും. രണ്ടാളും പരസ്‌പരം കണ്ടെങ്കിലും അതു ഭാവിച്ചില്ല. രാജീവ് ഇറങ്ങിയശേഷം ഓട്ടോഡ്രൈവറെ സ്വാധീനിച്ച് തന്റെ സാന്നിദ്ധ്യത്തിന്റെ അടയാളങ്ങള്‍ ഖാലിദ് മായിച്ചു.
ഖാലിദ് കാണാതിരുന്ന സമയത്ത് രാജീവിന്റെ പ്രവൃത്തി നമുക്കൂഹിക്കാം. രാജീവ് കാര്‍ത്തികയുടെ ഫ്‌ളാറ്റിന്റെ വാതിലില്‍ മണിമുഴക്കിയത്. അവന്റെ പിടിയില്‍പ്പെട്ട, ഉറക്കംപിടിച്ചിട്ടില്ലാത്ത കാര്‍ത്തിക നിലവിളിച്ചുകൊണ്ടാകാം ഓടിയിരിക്കുക. പക്ഷേ, അത് ഉറക്കത്തിലാണ്ട ആരുടെയും ചെവികളില്‍ പതിച്ചില്ല. അവള്‍ ഓടി ലിഫ്‌റ്റില്‍ക്കയറി. അതിന്റെ വാതിലടയുന്നതിനു മുന്നേ, അവനും അതില്‍ കയറിപ്പറ്റി. ലിഫ്‌റ്റവന്‍ പതിമൂന്നാം നിലയിലേക്കുവിട്ടു. ലിഫ്‌റ്റില്‍വച്ച് അവന്‍ അവളെ കീഴ്‌പെടുത്താന്‍ ശ്രമിച്ചു. ആ ശ്രമത്തിനിടയില്‍ അവളുടെ ചുഡീദാര്‍ കീറുകയും അവന്റെ വിരലടയാളങ്ങള്‍ ലിഫ്‌റ്റിനുള്ളിലെ മിററിലും അവളുടെ ദേഹത്തും പതിയുകയും ചെയ്യുന്നുണ്ട്. അവന്റെ മുടിയിഴകള്‍ അവളുടെ ബലപ്രയോഗത്തിനിടെ അവിടെ കൊഴിഞ്ഞുപതിക്കുന്നുണ്ട്. അവന്റെ കീഴ്‌പെടുത്തല്‍ ശ്രമത്തിനിടയില്‍ അവള്‍ ശ്വാസംമുട്ടി മരിച്ചു. പതിമൂന്നാം നിലയിലിറങ്ങിയ രാജീവ് അവള്‍ മരിച്ചെന്നുകണ്ട് പരിഭ്രാന്തനായി. പിന്നെ, ലിഫ്‌റ്റുവഴിയോ, മിക്കവാറും കോവേണി വഴിയോ ഓടിയിറങ്ങി രക്ഷപ്പെടുന്നു. കാര്‍ത്തികയുടെ ഫോണിലേക്കു നിഷ്‌ഫലമായ കോള്‍ ചെയ്യുന്നു. ഓട്ടോയില്‍ക്കയറുന്നു.
ഇവിടത്തെ സുപ്രധാനമായ കാര്യം ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും താന്‍ കാര്‍ത്തികയെ കൊന്നിട്ടില്ലെന്നും രാജീവ് പറയുന്നു. പറയുക മാത്രമല്ല, അവനങ്ങനെ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും ചെയ്യുന്നു. പക്ഷേ, വര്‍ഷങ്ങളായി രാജീവിന് ഒരു അസുഖമുണ്ട്. ഡിപ്രഷന്‍ അഥവാ, വിഷാദരോഗം. അതിനവന്‍ വര്‍ഷങ്ങളായി മരുന്നുകഴിക്കുന്നു. ഒരിക്കല്‍ ശമിച്ച രോഗാവസ്ഥ ഔഷധസേവ അവസാനിപ്പിച്ച് കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വീണ്ടുമവനെ ആക്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിനുള്ള ചികിത്സയുടെ അന്തിമപാദത്തിലാണവനെന്ന് അവന്റെ ഡോക്‌ടര്‍ വിജയ്‌മോഹന്‍ പറയുന്നു. അതേ വിജയ്‌മോഹന്‍ ഒരുകാര്യം കൂടി വെളിപ്പെടുത്തുന്നു. ഡിപ്രഷന്‍ രോഗികളില്‍ ചിലപ്പോള്‍ അവര്‍ക്ക് ഓര്‍ക്കാനിഷ്‌ടമില്ലാത്ത കാര്യങ്ങള്‍ തള്ളിക്കളയാന്‍ സ്വന്തം മനസ്സ് ഒരു ഡിഫന്‍സ് മെക്കാനിസം സ്വീകരിക്കുമത്രേ. പാര്‍ഷ്യല്‍ അംനീഷ്യയെന്നോ പാര്‍ഷ്യല്‍ ഡിമെന്‍ഷ്യയെന്നോ ഒക്കെ വിളിക്കാവുന്ന ഒരുതരം മെന്റല്‍ ഓര്‍ സെറിബ്രല്‍ സ്റ്റേസിസ്... കാര്‍ത്തികയെ കൊല്ലാന്‍ രാജീവുദ്ദേശിച്ചിരുന്നില്ല. മുന്‍പ് ചില പ്രേമപരാജയങ്ങളില്‍ തകര്‍ന്ന രാജീവിന് കാര്‍ത്തികയെ പ്രാപിക്കണമെന്നേ ഉണ്ടായിരുന്നുള്ളു. മിക്ക വധരംഗങ്ങളിലുമെന്നപോലെ അവിചാരിതമായി ഹത്യ അരങ്ങേറി. താനാണ് കാര്‍ത്തികയെക്കൊന്നതെന്ന ഭീകരസത്യം മറക്കാന്‍ അവന്റെ മനസ്സ് സമ്പൂര്‍ണ്ണമായും ആ സംഭവം മറന്നു. താന്‍ തികച്ചും നിരപരാധിയാണെന്നവന്‍ കരുതുന്നു. ഇങ്ങനെ സംഭവിക്കാമെന്ന് മനോരോഗവിദഗ്‌ദ്ധനായ ഡോക്‌ടര്‍ വിജയ്‌മോഹന്‍ അഭിപ്രായപ്പെടുന്നു. അങ്ങനെതന്നെയാണ് സംഭവിച്ചതും...
പെരുമാള്‍ ഒന്നുനിര്‍ത്തി. കേള്‍വിക്കാര്‍ ഒരു പ്രേതകഥ കേള്‍ക്കുന്നതുപോലെ സ്‌തംബ്‌ധരായിരിക്കുകയായിരുന്നു. സുധാകരന്റെ മുഖത്ത് ആഴമുള്ളൊരു നിരാശ കാണപ്പെട്ടു. രചന ചോരവാര്‍ന്ന മുഖവുമായി അനക്കമറ്റിരുന്നു. പൊടുന്നനെ ഒരു വിതുമ്പല്‍ പൊട്ടിപ്പുറപ്പെട്ട് വിലാപമായി ശ്രുതിമാറി. കൃഷ്‌ണന്‍നായരായിരുന്നു അത്. കഥകേട്ടവസാനിച്ചപ്പോഴേക്കും ആ പിതാവിന്റെ ഹൃദയം തകര്‍ന്നുപോയിരുന്നു.
-കഥയുടെ പാതിയില്‍ കരയുന്നത് ശരിക്കും കരയേണ്ടവരായിരിക്കില്ല..., പെരുമാള്‍ അയാളെ നോക്കിപ്പറഞ്ഞു. അയാള്‍ നിറമിഴികളോടെ, എന്നാല്‍ വിലാപത്തിനൊരു അര്‍ദ്ധവിരാമമേകി, പെരുമാളിനെ തുറിച്ചുനോക്കി. പെരുമാള്‍ മന്ദഹാസത്തോടെ തുടര്‍ന്നു.
-ഈ കഥ സംഭവ്യമെന്നു തോന്നാമെങ്കിലും എണ്ണിപ്പറഞ്ഞാല്‍ അനേകം വിടവുകള്‍, ലൂപ്‌ഹോളുകള്‍ നിറഞ്ഞതാണെന്നതാണ് എന്നെ ഈ കഥ പ്രഥമദൃഷ്‌ട്യാ തള്ളിക്കളയാന്‍ പ്രേരിപ്പിക്കുന്നത്. അവ ഞാന്‍ അക്കമിട്ടുപറയാം...
വായിക്കുക
കംപാര്‍ട്‌മെന്റ്
ഡിറ്റക്ടീവ് ഫിക്ഷന്‍ - അന്‍വര്‍ അബ്ദുള്ള
മാതൃഭൂമി ബുക്‌സ്, കോഴിക്കോട്. പേജ് 152, വില 95 രൂപ
ഐ.റ്റി.പ്രഫഷനല്‍ കാര്‍ത്തികയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ നീക്കാനെത്തുന്ന ഡിറ്റക്ടീവ് പെരുമാളിന്റെ സാഹസികവും ഉദ്വേഗജനകവുമായ അന്വേഷണപര്യടനത്തിന്റെ വിശദാംശങ്ങള്‍. വായനക്കാരന്റെ ജിജ്ഞാസയെ തൊട്ടുണര്‍ത്തുന്ന പുതുമയുള്ള ഡിറ്റക്ടീവ് ത്രില്ലര്‍.
മാതൃഭൂമി സെയില്‍സ് സെന്ററുകളിലും മറ്റും പ്രമുഖ പ്രസാധക ഔട്ട്‌ലെറ്റുകളിലും പുസ്‌തകം ലഭിക്കും.
മാതൃഭൂമി സെയില്‍സ് സെന്ററുകള്‍
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കോട്ടയം, കണ്ണൂര്‍, മലപ്പുറം, കൊല്ലം, കല്‍പ്പറ്റ, നെടുമ്പാശ്ശേരി വിമാനത്താവളം,
എറണാകുളം നോര്‍ത്ത്, ഷൊര്‍ണൂര്‍, ആലുവ (റെയില്‍വേ സ്‌റ്റേഷനുകള്‍)
No comments:
Post a Comment